Latest News

സദാചാരഗുണ്ടാ ആക്രമണം: അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ രണ്ടു പേരുകള്‍


അഗളി / ഓച്ചിറ: കൊല്ലം അഴീക്കലില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ പാലക്കാട് അട്ടപ്പാടി കാരറ പള്ളത്ത് അനീഷ് (27) ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുത്തു. കായംകുളം ഏരുവ മണലൂര്‍തറയില്‍ ധനേഷ് (30), ധനേഷിന്റെ പിതാവ് രമേശന്‍ എന്നിവര്‍ക്കെതിരെയാണു കേസ്.

അനീഷിന്റെ മൃതദേഹത്തില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍, തന്റെ മരണത്തിനു കാരണക്കാര്‍ ധനേഷും രമേശനുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതനുസരിച്ചാണു കേസെന്നും അഗളി സിഐ എ.എം. സിദ്ദീഖ് പറഞ്ഞു.

അനീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കൊല്ലം, പാലക്കാട് ജില്ലാ കലക്ടര്‍മാരോടും പാലക്കാട് ഡിഎംഒയോടും റിപ്പോര്‍ട്ട് തേടി. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ പോലീസ് സംരക്ഷണയില്‍ കൊല്ലത്ത് കൗണ്‍സലിങ്ങിനു വിധേയയാക്കി. സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ധനേഷും അഴീക്കല്‍ സ്വദേശികളായ സുഭാഷ്, ബിജു, ഗിരീഷ്, അനീഷ് എന്നിവരും റിമാന്‍ഡിലാണ്.

മുഖ്യമന്ത്രി ഇടപെട്ട ശേഷമാണ് ഓച്ചിറ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റിനു ശേഷവും സമൂഹമാധ്യമത്തിലൂടെ അനീഷിനെയും പെണ്‍കുട്ടിയെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഴീക്കല്‍ ബീച്ചില്‍ 14നാണ് അനീഷിനും സുഹൃത്തായ യുവതിക്കും നേരെ ആക്രമണമുണ്ടായത്. 23ന് വൈകിട്ടാണ് അനീഷിനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ധനേഷും മറ്റു നാലു പേരും അറസ്റ്റിലായ ശേഷം ധനേഷിന്റെ അച്ഛന്‍ രമേശന്‍ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നു കൊല്ലം സ്‌പെഷല്‍ബ്രാഞ്ച് എസ്പിയോട് അനീഷ് പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

'ഉത്തരവാദികള്‍ ധനേഷ്, രമേശന്‍ മാത്രം'

അനീഷിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണരൂപം:

അമ്മേ, അമ്മയ്ക്ക് കണ്ണുനീര്‍ മാത്രമേ തന്നിട്ടുള്ളൂ. ഇനി ഒരു ജീവിതം എനിക്കില്ല. ലോകം മുഴുവനും ഞാന്‍ തെറ്റുകാരനാണെന്നു പറഞ്ഞിട്ടും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാന്‍ അമ്മയുടെ മകനായി ജനിക്കണം. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ മുറി അമ്മയ്ക്കു മാത്രം സ്വന്തം.

ഏട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല. വാക്കു പാലിക്കാന്‍ പറ്റിയില്ല. സോറി ഏട്ടാ... എന്റെ വണ്ടി വില്‍ക്കരുത്. എന്റെ ഓര്‍മയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നുട്ടീ..., ഞാന്‍ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല. വേറെ ഒരാളുടെ കൂടെ ജീവിക്കാന്‍ എനിക്കു പറ്റില്ല. നീ വേറെ കല്ല്യാണം കഴിച്ചു സുഖമായി ജീവിക്കുക.

ഏട്ടന്‍ അമ്മയ്ക്കായി ജീവിക്കണം. നിനക്കു മകന്‍ ജനിച്ചാല്‍ ഉണ്ണി എന്നു വിളിക്കണം. എനിക്കായി കരയരുത്. അവള്‍ കള്ളം പറഞ്ഞതാണ്. അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളൂ. അമ്മേ, അമ്മാമേ, മേമേ, കൊച്ചമ്മേ ഞാന്‍ പോകുവാ.... നിങ്ങളെയൊന്നും കണ്ടു കൊതി തീര്‍ന്നിട്ടില്ല. ബിനുമാമനോട് എനിക്ക് സങ്കടമൊന്നുമില്ല. തിരുമേനിയോട് അന്വേഷണം പറയണം.

പോലീസിനുവേണ്ടി എന്റെ മരണത്തിന് ഉത്തരവാദികള്‍ ധനേഷ്, രമേശന്‍ കായംകുളം ഇവര്‍ മാത്രം. ചങ്ക്മച്ചാന്‍, റാഫി, കുട്ടായി, സുപ്പ, കറുപ്പി, സുജി മിസ് യു ഓള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.