Latest News

ഡ്രൈവറില്ലാ കാറിന്റെ സൂത്രധാരനെതിരെ ഗൂഗിള്‍ കേസ് കൊടുത്തു


സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്‌സ് തങ്ങളുടെ മുന്‍ജീവനക്കാരനായ അന്തോണി ലെവന്‍ഡോസ്‌കിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നു. [malabarflash.com]

തങ്ങളുടെ സാങ്കേതികവിദ്യകള്‍ ലെവന്‍ഡോസ്‌കി ചോര്‍ത്തിയെടുത്തെന്നാരോപിച്ച് ഗൂഗിള്‍ അനുബന്ധ കമ്പനിയായ വെയ്‌മോയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഡ്രൈവറില്ലാ കാര്‍ പദ്ധതിക്കായി ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്‌സ് രൂപികരിച്ച കമ്പനിയാണ് വെയ്‌മോ. 

കമ്പനിയുടെ സ്വപ്‌നപദ്ധതിയായ ഡ്രൈവറില്ലാ കാറിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ലെവന്‍ഡോസ്‌കി ആല്‍ഫബെറ്റ്‌സ് വിട്ട് യൂബര്‍ ടാക്‌സിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കമ്പനി കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. 

തങ്ങളുടെ സാങ്കേതികവിദ്യ കോപ്പിയടിച്ച് ലെവന്‍ഡോസ്‌കി അത് യൂബറിന് വേണ്ടി ഉപയോഗിക്കുകയാണെന്നാണ് വെയ്‌മോ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ലെവന്‍ഡോസ്‌കി ഗൂഗിള്‍ വിടുന്നത്. 

കോളേജ് കാലം തൊട്ടേ റോബട്ടിക് കാര്‍ നിര്‍മ്മാണത്തില്‍ ഗവേഷണം നടത്തുന്ന ലെവന്‍ഡോസ്‌കി 2007ലാണ് ഗൂഗിളില്‍ ചേരുന്നത്. പിന്നീട് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മാപ്പിംഗ് ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണത്തില്‍ നിര്‍ണായകറോളാണ് വഹിച്ചിരുന്നത്. പിന്നീടാണ് കമ്പനി അദ്ദേഹത്തെ ഡ്രൈവറില്ലാ കാര്‍ നിര്‍മ്മാണത്തിന്റെ ചുമതല ഏല്‍പിച്ചത്. 

അതേസമയം ലെവന്‍ഡോസ്‌കിക്കെതിരായ കേസ് യൂബറും ഗൂഗിളും തമ്മിലുള്ള കിടമത്സരത്തിന്റെ തുടര്‍ച്ചയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മാപ്പിംഗ്, ജിപിഎസ്, ഡ്രൈവറില്ലാ കാറുകളുടെ നിര്‍മ്മാണം എന്നീ മേഖലകളില്‍ ഇരുകമ്പനികളും തമ്മില്‍ കടുത്ത മത്സമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.




Keywords: Technical News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.