ചെന്നൈ: സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ടു നേടി. 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസവോട്ട് നേടിയത്. [www.malabarflash.com]
ശബ്ദവോട്ടെടുപ്പാണു നടന്നതെന്നാണ് വിവരം. വോട്ടെടുപ്പിന്റെ സമയത്ത് അണ്ണാ ഡിഎംകെയുടെ 133 എംഎല്‍എമാര്‍ മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഇവരില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 എംഎല്‍എമാര്‍ എതിര്‍ത്തു വോട്ടു ചെയ്തു. പാര്‍ട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തില്‍ ഇവരുടെ എംഎല്‍എ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി.
വന്‍ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ എംഎല്‍എമാരെ സ്പീക്കറുടെ നിര്‍ദേശമനുസരിച്ച് സഭയില്‍നിന്നു ബലപ്രയോഗത്തിലൂടെ നീക്കിയശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പ്. ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും മുസ്!ലിം ലീഗും വോട്ടെടുപ്പു ബഹിഷ്‌കരിക്കുകയും ചെയ്തു. ബഹളം നിമിത്തം രണ്ടു തവണ നിര്‍ത്തിവച്ച സമ്മേളനം, മൂന്നാം തവണ സമ്മേളിച്ചപ്പോഴാണ് വോട്ടെടുപ്പു നടന്നത്.
ബഹളം മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു പുനരാരംഭിക്കുന്നതിനു മുന്നോടിയായാണ് സഭയ്ക്കുള്ളില്‍നിന്നു ഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ പി. ധനപാലിന്റെ നിര്‍ദേശപ്രകാരം സുരക്ഷാ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കിയത്. പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു പരാതിപ്പെടാനായി രാജ്ഭവനിലേക്കു പോയി.
11 മണിക്ക് ആരംഭിച്ച സമ്മേളനം ബഹളത്തെ തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഒരുമണിയോടെ വീണ്ടും സഭ സമ്മേളിച്ചെങ്കിലും സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നതോടെ പ്രതിപക്ഷ എംഎല്‍എമാരെയും പനീര്‍സെല്‍വം വിഭാഗക്കാരെയും സഭയില്‍നിന്നു പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. ഇവരെ ബലം പ്രയോഗിച്ചു നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സഭാ നടപടികള്‍ മൂന്നുമണി വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി സ്പീക്കര്‍ ആരോപിച്ചു. നിയമാനുസൃതമായി ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുകയോ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുകയോ വേണമെന്ന ആവശ്യം സ്പീക്കര്‍ പി.ധനപാല്‍ തള്ളിയതില്‍ പ്രകോപിതരായ ഡിഎംകെ എംഎല്‍എമാര്‍ കയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികള്‍ ആദ്യം നിര്‍ത്തിവച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment