Latest News

70 ലക്ഷം മൂല്യമുള്ള വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍

മംഗളൂരു: യുഎസ് ഡോളറും യൂറോയും റഷ്യന്‍ റൂബിളും അടക്കം പത്ത് വിദേശരാജ്യങ്ങളിലെ 70 ലക്ഷം രൂപ മൂല്യമുള്ള കറന്‍സിനോട്ടുകള്‍ ദുബൈയിലേക്കു കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരുടെ പിടിയില്‍.[www.malabarflash.com] 

മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്‌കര്‍ (20) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം ദുബൈയിലേക്കുള്ള എയര്‍ഇന്ത്യയുടെ ഐഎക്‌സ് 383 വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യുവാവിനെ പരിശോധനയ്ക്കിടെ കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു. ബാഗിനുള്ളിലെ ഒന്‍പതു സോക്‌സുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി നോട്ടുകള്‍.
സോക്‌സുകള്‍ ടീഷര്‍ട്ടുകള്‍ക്കും ജീന്‍സ് പാന്റ്‌സുകള്‍ക്കും ഉള്ളിലായാണു സൂക്ഷിച്ചിരുന്നത്. 

26.24 ലക്ഷം രൂപ മൂല്യമുള്ള യുഎസ് ഡോളര്‍, 21.28 ലക്ഷം രൂപ മൂല്യമുള്ള ബ്രിട്ടിഷ് പൗണ്ട്, 10.45 ലക്ഷം രൂപ മൂല്യം വരുന്ന യൂറോ, 10.88 ലക്ഷം രൂപ മൂല്യമുള്ള റഷ്യന്‍ റൂബിള്‍ എന്നിവ സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ഇതിനു പുറമെ സൗദി റിയാല്‍ (36,000 രൂപ), ഡെന്‍മാര്‍ക്കിലെ കറന്‍സിയായ ഡാനിഷ് ക്രോണര്‍ (18800 രൂപ), ഫ്രാന്‍സിലെ കറന്‍സി ഫ്രഞ്ച് ഫ്രാങ്ക് (2146 രൂപ), ഒമാന്‍ റിയാല്‍ (1190രൂപ), കനേഡിയന്‍ ഡോളര്‍ (997രൂപ), തായ്‌ലന്‍ഡിന്റെ ബാത്ത് (1880 രൂപ) എന്നീ കറന്‍സികളും ഇയാളുടെ പക്കല്‍ നിന്നു കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
ദുബൈയിലെ സ്വകാര്യ ഹോട്ടലിലെ തൊഴിലാളിയായ യുവാവ് വിദേശത്തേക്കു കറന്‍സി കടത്തുന്ന സംഘത്തിന്റെ ഏജന്റാണെന്ന് അധികൃതര്‍ പറയുന്നു. കറന്‍സികള്‍ നല്‍കിയവരെക്കുറിച്ച് ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
യുഎസ് ഡോളറും യൂറോയും കടത്താന്‍ ശ്രമിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം രാജ്യങ്ങളുടെ കറന്‍സികള്‍ കടത്താന്‍ ശ്രമിച്ച സംഭവം അപൂര്‍വമാണെന്നാണു കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന സൂചന.



Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.