Latest News

രാജ്യത്തിനു വേണ്ടി ചെയ്ത 10 കാര്യങ്ങള്‍ പറയാമോ? മോദിയോട് അഖിലേഷ്


ലക്‌നൗ: രാജ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറയാന്‍ പ്രധാനമന്ത്രി മോദി തയാറുണ്ടോയെന്നു വെല്ലുവിളിച്ച് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയ പത്തു കാര്യങ്ങള്‍ ഞാന്‍ പറയാം. പകരം രാജ്യത്തിനു വേണ്ടി ചെയ്ത പത്തു കാര്യങ്ങള്‍ പറയാന്‍ മോദി തയാറുണ്ടോ?– അഖിലേഷ് ചോദിച്ചു. [malabarflash.com]

യുപി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വയ്ക്കാം, പകരം കേന്ദ്രസര്‍ക്കാര്‍ ഭരണത്തിന്റെ മൂന്നുവര്‍ഷത്തെ റിപ്പോര്‍ട്ട് വയ്ക്കണം – തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു അഖിലേഷ് പറഞ്ഞു.

വോട്ടര്‍മാരായ നിങ്ങള്‍ക്ക് ബിജെപിക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. നിങ്ങളോട് എനിക്കു പറയാനുള്ളത് ഇതാണ്. ആ പണം നിങ്ങള്‍ വാങ്ങിച്ചോളൂ. എന്നിട്ട് സൈക്കിള്‍ ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തണം.

ബിഎസ്പി നേതാവ് മായാവതിക്കെതിരെയും അഖിലേഷ് ആഞ്ഞടിച്ചു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്മാരകം പണിതയാളാണ് മായാവതി. അവരുടെ ഭാഷയില്‍ കാലോചിതമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വികസനത്തെക്കുറിച്ച് അവര്‍ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാല്‍ പ്രസംഗം നോക്കി വായിക്കുന്നിടത്തോളം കാലം, കേള്‍ക്കുന്ന ജനങ്ങള്‍ ഉറങ്ങുകയായിരിക്കും – അഖിലേഷ് പറഞ്ഞു.

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ ദരിദ്രരായ സ്ത്രീകള്‍ക്ക് 1000 രൂപ വീതം പെന്‍ഷന്‍ നല്‍കും. നാല്‍പ്പതുവര്‍ഷം നിലനില്‍ക്കുന്ന തരത്തില്‍ ഭധോഹി – മിര്‍സാപൂര്‍ റോഡ് പണിയും– അഖിലേഷ് വ്യക്തമാക്കി.

അതിനിടെ, റാലിക്കു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ഒരു മതില്‍ ഇടിഞ്ഞുവീണ് അഞ്ചോളം പേര്‍ക്കു പരുക്കേറ്റു. ഇരുപത്തഞ്ചോളം സൈക്കിളും എട്ടു മോട്ടോര്‍ സൈക്കിളും തകര്‍ന്നു.




Keywords: nATIONAL News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.