Latest News

പുസ്തകങ്ങള്‍ക്ക് നടുവിലൊരു നാട്ടുവൈദ്യന്‍

വായനയും, ചികിത്സയും, ഒപ്പം തീര്‍ഥയാത്രയും ജീവിതത്തിന്റെ ഭാഗമാക്കിയ കുഞ്ഞിരാമന്‍ വൈദ്യരുടെ ഗ്രന്ഥശേഖരത്തില്‍ പുസ്തകങ്ങളുടെ എണ്ണം അയ്യായിരത്തോളമെത്തി.[www.malabarflash.com]

വായിച്ച്...വായിച്ച്.....ഉറങ്ങാനും, ഉറക്കമുണരുമ്പോള്‍ വീണ്ടും വായനയിലേക്ക് മടങ്ങാനും പാകത്തില്‍ സ്വന്തമായൊരു ഗ്രന്ഥപുരയൊരുക്കിയാണ് ഈ 77 കാരന്‍ അറിവിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നത്. ആത്മീയകാര്യങ്ങളില്‍ അറിവ് ഏറെ ഉണ്ടെങ്കിലും അതെന്നും പുറത്തു കാണിക്കാതെ ആള്‍കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു നടക്കാനിഷ്ടപ്പെടുന്ന വേറിട്ടൊരു വ്യക്തിത്വത്തിനുടമായാണ് വൈദ്യര്‍.
ഉദുമ ആറാട്ട്കടവ് ഇല്ലത്ത വളപ്പിലാണ് കുഞ്ഞിരാമന്‍ വൈദ്യരുടെ രണ്ട് മുറിയുള്ള സ്വകാര്യ ഗ്രന്ഥപുര. വെങ്കലത്തില്‍ തീര്‍ത്ത ദേവീ വിഗ്രഹം സ്ഥാപിച്ച സ്ഥലമൊഴികെ മറ്റിടങ്ങള്‍ മുഴുവന്‍ പുസ്തകങ്ങള്‍കൊണ്ട് നിറച്ചിരിക്കുകയാണ്. വൈദ്യരുടെ അന്തി ഉറക്കവും ഇവിടെതന്നെ. 

ഭഗവത് ഗീതയുടെ മാത്രം നൂറിലധികം വ്യാഖ്യാനങ്ങള്‍ ഈ ശേഖരത്തിലുണ്ട്. ആത്മീയം, പുരാണം, വൈജ്ഞാനികീ, വേദം, വൈദ്യം, സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലുള്ള വിലപ്പെട്ട പുസ്തകങ്ങളുടെ ശേഖരമുണ്ട്..ഖുര്‍ആനും, ബൈബിളും മടക്കമുള്ള മതഗ്രന്ഥങ്ങളും സൂക്ഷിപ്പിലുണ്ട്.
ഉദുമയിലെ പ്രസിദ്ധ നാട്ടുവൈദ്യനായിരുന്ന പരേതനായ ചിണ്ടന്റെ മകനാണ് കുഞ്ഞിരാമന്‍. ഇംഗ്ലീഷിനെ പേടിച്ച് ഹൈസ്‌ക്കൂള്‍ ക്ലാസിനപ്പുറം പഠിച്ചില്ല. പിന്നീട് പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് ചികിത്സാരംഗത്ത് ചുവടുറപ്പിച്ചതോടെ വായന അനിവാര്യമായി വന്നു. ഇപ്പോള്‍ ഇംഗ്ലീഷും സംസ്‌കൃതവുമെല്ലാം കൈപ്പിടിയിലൊതുങ്ങിയത് വായനയുടെ ഫലമാന്നെന്ന് വൈദ്യര്‍ സമ്മതിക്കുന്നു.
1962ലാണ് ചികിത്സാരംഗത്ത് എത്തുന്നത്. ഇപ്പോള്‍ ഉദുമ കണ്ണംകുളത്ത് വൈദ്യശാലയുണ്ട്. സിദ്ധ വൈദ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
വൈദ്യ ശാലയിലായാലും ഒഴിവ് സമയങ്ങളില്‍ വൈദ്യരുടെ ഹോബി വായന തന്നെ. ദിവസവും അഞ്ച് പത്രങ്ങളെങ്കിലും വായിക്കുന്നുണ്ട്. ഇവയെല്ലാം സ്വന്തമായി വാങ്ങിച്ചാണ് വായന. ആനുകാലികങ്ങളും ഒഴിവാക്കുന്നില്ല.
രാത്രി വായിക്കാന്‍ തന്റെ ഗ്രന്ഥാലയത്തില്‍പ്രത്യേക സൗകര്യമെരുക്കിയിയതിങ്ങനെയാണ്. ഗ്രാനൈറ്റ് പാകിയ തറയില്‍ നിന്നും ഒരടി ഉയരത്തില്‍ തൂങ്ങി കിടക്കുന്ന ഒരു ലൈറ്റ് സ്ഥാപിച്ചു, ഇതിന് ചുവട്ടില്‍ വെച്ചാണ് വായന. ഉറക്കം വരുമ്പോള്‍ ഒരു ഷീററ് വിരിച്ച് തറയില്‍ തന്നെ ലൈറ്റ് അണക്കാതെ കിടക്കും. ഉറക്കം തെളിയുമ്പോള്‍ വീണ്ടും വായന തുടരും കട്ടിലോ, കിടക്കയോ ഒന്നും ഇദ്ദേഹത്തിന് ആവശ്യമില്ല,. 

77ാം വയസ്സിലും ആറാട്ട് കടവില്‍ നിന്നും പാലക്കുന്നിലേക്കും, വൈദ്യശാലയിലേക്കുമെല്ലാമുള്ള യാത്ര സൈക്കിളിലാണ്.. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത അപൂര്‍വം ചിലരില്‍ ഒരാള്‍ കൂടിയാണ് വൈദ്യര്‍.
വായനപോലെ തന്നെ തനിച്ചുള്ള യാത്രയും വൈദ്യര്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാരതത്തിലെ ഭൂരിഭാഗം തീര്‍ഥാടന കേന്ദ്രങ്ങളും ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു. കാശി യാത്ര ഓരോ വര്‍ഷവും ഉണ്ടാകും. വരുന്ന 18 ന് കാശിക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക്‌ചെയ്തിട്ടുണ്ട്.. നേരത്തെ പോയിട്ടുണ്ടെങ്കിലും വീണ്ടും മെയ് നാലിന് കേദാര്‍നാഥ, ബദരിനാഥ് സന്ദര്‍ശനവും, സെപ്തംബറില്‍ ആസാമിലേക്കുള്ള തീര്‍ഥാടനവും ഉദ്ദേശിക്കുന്നുണ്ട് വൈദ്യര്‍ . 

കണങ്കാലോളമെത്തുന്ന ഒറ്റ മുണ്ടും, നീളത്താന്‍ കുപ്പായവും, തോളിലൊരു തുണി സഞ്ചിയും, കുറെപുസ്തകങ്ങളും മാണ്, അസ്ഥി തുളക്കുന്ന തണുപ്പുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രയിലും വൈദ്യരുടെ കൂട്ടുകാര്‍.
പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് 40 സെന്റ് സ്ഥലം വൈദ്യര്‍ സംഭാവന ചെയ്തിരുന്നു. കരിപ്പോടി എ എല്‍.പി.സ്‌ക്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് ഈ ഭൂമിയിലാണ്. 

ജില്ലയില്‍ പ്രധാന ബുക്ക് ഷോപ്പുകള്‍ തുറക്കുന്നതിന് മുമ്പ് കണ്ണൂരില്‍ പോയി സ്ഥിരമായി പുസ്തകം വാങ്ങിയിരുന്നു. ഇപ്പോള്‍ കാഞ്ഞങ്ങാട്ടെക്കാണ് പുസ്തകത്തിനായുള്ള യാത്ര. മലയാളത്തിലെ പ്രധാന പ്രസാധകരുടെ പുസ്തകങ്ങളെല്ലാം ശേഖരത്തില്‍ വേണ്ടുവോളമുണ്ട്.
കപ്പലില്‍ എഞ്ചിനീയറായ മകനും, ബഹറൈനില്‍ എഞ്ചിനിയറായ മറ്റൊരു മകനും അച്ഛന് അയക്കുന്നതില്‍ നിന്നും നിശ്ചിത സംഖ്യക്ക് പുസ്തകം ഓരോ മാസവും വാങ്ങി ശേഖരത്തിലേക്ക് മുതല്‍കൂട്ടാക്കും
ആറു അലമാരകളും നിറഞ്ഞതോടെ വാങ്ങുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ പലയിടത്തായി കൂട്ടി വെച്ചിരിക്കുകയാണ്. പുസ്തകങ്ങളെല്ലാം തരം തിരിച്ച്, ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞിരാമന്‍ വൈദ്യര്‍.

-ബാബു പാണത്തൂര്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.