Latest News

മദ്രസ്സ അധ്യാപകന്റെ കൊല:ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കാസര്‍കോട്: പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന മുറിയില്‍ മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കുത്തിക്കൊന്ന കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തമായുന്നു.[www.malabarflash.com]
***************************************
റിയാസ് മുസ്‌ല്യാര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ദാരുണ സംഭവത്തില്‍ കൊലയാളികളെയും അവര്‍ക്ക് പ്രേരണയും ഒത്താശയും നല്‍കിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 

ഈ കൊലക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവനാളുകളും ശിക്ഷിക്കപ്പെടണം. ഇതിനനുസൃതമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കാനും സ്‌പെഷ്യല്‍ പ്രോസിക്യൂഷനടക്കമുള്ള നിയമസഹായം നല്‍കാനും യോഗം തീരുമാനിച്ചു. 

പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എന്‍.എ.അബൂബക്കര്‍ ഹാജി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., കെ.എസ്.മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം അബ്ദുല്‍ ഹമീദ് ഹാജി തളങ്കര, എ.അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ കരീം കോളിയാട്, മുക്രി ഇബ്രാഹിം ഹാജി, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് എം.എ.പട്‌ല, ഹാശിം ദാരിമി ദേലംപാടി സംബന്ധിച്ചു.
***************************************
റിയാസ് മുസ്‌ല്യാരടക്കമുളള ജില്ലയില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡണ്ടുമാരുടെയും യോഗം ആവശ്യപ്പെട്ടു. 

ജില്ലയില്‍ കലാപമുണ്ടാക്കുവാനുള്ള പ്രവൃത്തികള്‍ നടത്തുന്ന ശക്തികള്‍ക്കെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മ രൂപികരിച്ച് ജനമുന്നേറ്റത്തിന് ഡിസിസി മുന്‍പന്തിയിലുണ്ടാകുമെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു.പി.ജി. ദേവ് ,എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.വിനോദ് കുമാര്‍, എ.ഗോവിന്ദന്‍ നായര്‍, സി.വി. ജയിംസ്, ഗീത കൃഷ്ണന്‍, സെബാസ്റ്റ്യന്‍ പതാലില്‍, കെ.വി സുധാകരന്‍, എം.സി പ്രഭാകരന്‍, ധന്യ സുരേഷ്, കല്ലഗെ ചന്ദ്രശേഖരറാവു ,കരുണ്‍ താപ്പ, സുന്ദര ആരിക്കാടി, ഹരീഷ്.പി.നായര്‍, സോമശേഖര .ജെ.എസ്, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കെ.ഖാലിദ്, കെ.വാരിജാക്ഷന്‍, എം.രാധാകൃഷ്ണന്‍ നായര്‍, ഡി.വി ബാലകൃഷ്ണന്‍, കെ.കുമാരന്‍ നായര്‍ പ്രസംഗിച്ചു.
***************************************
വര്‍ഗീയ ലഹളയുണ്ടാക്കുന്ന വിധത്തില്‍ മത സ്ഥാപനത്തില്‍ കയറി മത രംഗത്ത് സേവനം ചെയ്യുന്ന ഉസ്താദിനെ കൊലപ്പെടുത്തിയ സംഭവം നാടിനെ മൊത്തം ഞെട്ടിച്ചതും അങ്ങേയറ്റം ഭീതിതമായിരുന്നു. 

സംഘര്‍ഷം വ്യാപിക്കാതെ ശ്രദ്ധിക്കുകയും അതേ സമയം പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ ജാഗ്രത കാട്ടുകയും ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടി സമാധാന കാംക്ഷികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
മുമ്പ് നടന്ന വര്‍ഗീയ സംഭവങ്ങളില്‍ പ്രതികള്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുണ്ട്. പ്രതികളും സംഭവത്തിനു പിന്നിലെ ശക്തികളും രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച അന്വേഷണം ആവശ്യമാണെന്നും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
***************************************
ചൂരിയിലെ മദ്രസ്സാ അധ്യാപകന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘം സംഭവത്തിലെ ഗൂഢാലോചനയെ പറ്റിയും വിശദമായി അന്വേഷിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് ആവശ്യപ്പെട്ടു.
***************************************
ഈ കേസിന് ജില്ലയില്‍ മുമ്പ് നടന്ന കൊലപാതക സംഭവങ്ങളുടെ ഗതി ഉണ്ടാവാന്‍ പാടില്ല. തെളിവുകളുടെ അഭാവവും, കുറ്റപത്രം നല്‍കുന്നതിലെ അനാസ്ഥയും, പലപ്പോഴും പ്രതികള്‍ക്ക് അനായാസം രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു..
കൊലപാതകത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരാത്ത കാലത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും. ഒരു ബി.ജെ.പി സംസ്ഥാന നേതാവിന്റെ മംഗലാപുരം പ്രസംഗത്തിലെ കലാപ ആഹ്വാനവും, മംഗലാപുരത്ത് നിന്നുള്ള ഒരു ജന പ്രതിനിധി കാസര്‍കോട്ടെ പരിപാടിയില്‍ നടത്തിയ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗവും കൊലയാളികള്‍ക്ക് പ്രചോദനമായിറ്റുണ്ട്, അത് കൊണ്ട് ഇക്കാര്യവും അന്വേഷണ പരാതിയില്‍ കൊണ്ട് വരണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും യൂത്ത് ലീഗ് നിവേദനം നല്‍കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.