Latest News

അന്വേഷണ സംഘം നിഴല്‍പോലെ പിന്തുടര്‍ന്നു; റിയാസ്‌ മുസ്‌ല്യാരുടെ ഘാതകര്‍ കുരുങ്ങിയത്‌ ദിവസങ്ങള്‍ക്കകം

കാസര്‍കോട്: റിയാസ് മുസ്‌ല്യാരുടെ ഘാതകര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത രീതിയില്‍ അന്വേഷണ സംഘം നിഴല്‍പോലെ പിന്തുടര്‍ന്നതാണ് കൊലയാളികള്‍ക്ക് ദിവസങ്ങള്‍ക്കം വിലങ്ങണിയിക്കാന്‍ കഴിഞ്ഞത്.[www.malabarflash.com] 

കാസര്‍കോട്, കേളുഗുഡ്ഡയിലെ എസ് നിതിന്‍ (18), കുഡ്‌ലുവിലെ എന്‍ അഖിലേഷ് (25), കേളുഗുഡ്ഡെ, അയ്യപ്പ നഗറിലെ എസ് അജേഷ് എന്ന അപ്പു (20) എന്നിവരെയാണ് അന്വേഷണ സംഘം വെളളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.
തുടക്കത്തില്‍ വലിയ കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ കൊലപാതകം വലിയ അക്രമത്തിലേക്കും സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടുകളെ ആഭ്യന്തര വകുപ്പ് അതീവ ഗൗരവത്തിലാണ് കണ്ടത്.
കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം വൈകുന്നേരത്തോടെ തന്നെ കൊലക്കേസിന്റെ അന്വേഷണം ഐജിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു കൈമാറിയിരുന്നു.
മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി മോഹന ചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി ഐ പി കെ സുധാകരന്‍, ക്രൈംബ്രാഞ്ച് കാസര്‍കോട് സി ഐ അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ പോലീസ് ചീഫ് കെ ജി സൈമണിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഫിലിപ്പ് തോമസ്, എ എസ് ഐമാരായ സി കെ ബാലകൃഷ്ണന്‍, ലക്ഷ്മിനാരായണന്‍, നാരായണന്‍ നായര്‍, അബൂബക്കര്‍ കല്ലായി, ജോണ്‍, സി പി ഒ ആയ ഓസ്റ്റിന്‍ തമ്പി, സൈബര്‍ സെല്ലിലെ ശ്രീജിത്ത്, ശിവകുമാര്‍ എന്നിവരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.
സ്‌ക്വാഡ് അംഗങ്ങള്‍ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് അന്വേഷണം തുടങ്ങി, രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ച് മനസ്സിലാക്കി. അക്രമിക്കപ്പെട്ട യുവാക്കളുടെ വീട്ടില്‍ അന്വേഷണ സംഘം എത്തി. അവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടുകാര്‍ നല്‍കിയ മൊഴിയും സംശയത്തിന് ഇടയാക്കി. 

ഇതോടെ സംഘം പോലീസിന്റെ നിരീക്ഷണത്തിലായി. വീടുവിട്ടവര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം മടിക്കേരി, കുടക് ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ഇതിനിടയിലാണ് പ്രതികള്‍ കേളുഗുഡ്ഡെ വയലില്‍ ഒളിച്ചു കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് കരുതലോടെ നടത്തിയ നീക്കത്തിലാണ് പ്രതികളെ കീഴടക്കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
പ്രതികള്‍ നല്‍കിയ മൊഴി പ്രകാരം വെളളിയാഴ്ച രാവിലെ താഴെ കേളുഗുഡ്ഡയിലെ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. ഇതിനിടയില്‍ കൊലയാളികള്‍ സഞ്ചരിച്ച ബൈക്കും കണ്ടെത്തി. 

ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊലയാളികളെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന് പൊന്‍തൂവലായിരിക്കുകയാണ്.
ഈ മാസം 20ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും മുഹിയുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായ കുടക് കൊട്ടമുടി സ്വദേശി മുഹമ്മദ് റിയാസ് മുസ്‌ല്യാരെ (30) കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ഇടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷണ സംഘം വിശദീകരിക്കുന്നത് ഇങ്ങനെ: നേരത്തെ നടന്ന ഒരു ഷട്ടില്‍ ടൂര്‍ണ്ണമെന്റിനിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു.
അന്ന് സ്ഥലത്തെത്തിയ പ്രതികള്‍ അവിടെ ഉണ്ടായിരുന്ന ചിലരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോള്‍ സ്ഥലത്ത് നിന്ന് മടങ്ങിയ പ്രതികള്‍ പിന്നീട് ആയുധങ്ങളുമായി വീണ്ടും സ്ഥലത്തെത്തി. ഈ സമയത്ത് ഇവര്‍ക്ക് നേരെ അക്രമം ഉണ്ടായി. ഇതിനിടയില്‍ പ്രതികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പരിക്കേറ്റവര്‍ സ്ഥലത്ത് നിന്നും പോയിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പകരം അക്രമത്തില്‍ പരിക്കേറ്റതിന് പ്രതികാരം ചോദിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ സംഘം ബൈക്കില്‍ ചുറ്റിക്കറങ്ങിയെങ്കിലും ആസൂത്രണം നടപ്പാക്കാന്‍ കഴിഞ്ഞില്ല. 

20ന് രാത്രി ഇതേ ഉദ്ദേശത്തോടെ പ്രതികള്‍ ബൈക്കില്‍ സഞ്ചരിക്കുകയും ഒരാള്‍ സ്‌കൂട്ടറില്‍ പോകുന്നതായി കാണുകയും ചെയ്തു. ഇതോടെ സ്‌കൂട്ടറിനെ പിന്തുടര്‍ന്നു. പിന്നീട് സ്‌കൂട്ടര്‍ പഴയചൂരി പള്ളിക്ക് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടു. ഈ സമയത്ത് പള്ളിയോട് ചേര്‍ന്ന മുറിക്കകത്ത് ലൈറ്റ് കാണപ്പെട്ടു. തുടര്‍ന്ന് ഇവിടെയെത്തി പദ്ധതി നടപ്പാക്കുകയായിരുന്നു. 

മദ്യപിച്ചുകഴിഞ്ഞാല്‍ കടുത്ത വര്‍ഗ്ഗീയ ചിന്താഗതിയുള്ള അജീഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി റിയാസിനെ നെഞ്ചിനും കഴുത്തിനും വെട്ടികൊലപ്പെടുത്തിയത്

ബഹളം കേട്ട് ഖത്തീബ് ഉണരുകയും ഒരാളെ കാണുകയും ചെയ്തു. ഈ സമയത്ത് പ്രതികളില്‍ ഒരാള്‍ കല്ലെറിഞ്ഞു പിന്തിരിപ്പിച്ചു. ഖത്തീബ് മൈക്കിലൂടെ അക്രമത്തെക്കുറിച്ച് പരിസര വാസികളെ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.