Latest News

അമീറുല്‍ ഇസ്‌ലാമിനെ കണ്ടെത്താന്‍ നീലേശ്വരത്തെ യുവതി ശനിയാഴ്ച ബംഗാളിലേക്ക് പോകും, കൂടെ ഫിജോഹാരിഷും

നീലേശ്വരം: പ്രണയിച്ച് മതം മാറ്റി വിവാഹം കഴിച്ചശേഷം ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ പെരുവഴിയിലാക്കി മുങ്ങിയ ബംഗാള്‍ യുവാവ് അമീറുല്‍ ഇസ്‌ലാമിനെ കണ്ടെത്താന്‍ നീലേശ്വരം സ്വദേശിനിയായ യുവതി ശനിയാഴ്ച കൊല്‍ക്കത്തയിലേക്ക് തിരിക്കും.[www.malabarflash.com]

കൊല്‍ക്കത്തയിലെ രാജര്‍ഹട്ടിനടുത്ത് ഹട്ടിയാര എന്ന പ്രദേശത്ത് ഷെയ്ക്ക് അബ്ദുള്‍കുദൂസിന്റെ മകനായ 28 കാരന്‍ സുമുഖന്‍ അമീറുനെ പിടികൂടി കേരളത്തിലേക്ക് കൊണ്ടുവരാന്‍ മതം മാറി ഹലീമത്ത് സാദിയ എന്ന പേര് സ്വീകരിച്ച നീലേശ്വരം യുവതിയെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകുന്നത് ഫിജോ ഹാരിഷ് എന്ന കോട്ടയംകാരി സാമൂഹ്യ പ്രവര്‍ത്തകയാണ്.
നീലേശ്വരം യുവതിയുടെ ദയനീയ കഥ അറിഞ്ഞ ഫിജോ യുവതിക്കുവേണ്ടി നേരത്തെ തന്നെ രംഗത്തുണ്ട്. ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യ നിരന്തരം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറായിരുന്നില്ല.
ഒടുവില്‍ ഫിജോ ഹാരിഷ്, മുന്‍ ജില്ല ഗവര്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. സി ഷുക്കൂര്‍ മുഖേന നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായത്. 

അമീറുല്‍ ഇസ്‌ലാമിനെ കണ്ടെത്തി കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുകൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഫിജോയും സംഘവും നാളെ കൊല്‍ക്കത്തയിലേക്ക് തിരിക്കുന്നത്.
പ്രവാസിയായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശിയും കാന്‍സര്‍ രോഗിയുമായിരുന്ന കബീറിന് ആലപ്പുഴ നഗരസഭ അനുവദിച്ചു നല്‍കിയ മില്‍മ ബൂത്ത് തുറക്കാന്‍ സമ്മതിക്കാതിരുന്ന കെ റ്റി ഡി സി സെക്രട്ടറിക്കെതിരെ ശക്തമായി പ്രതികരിച്ച് ആലപ്പുഴ ബസ് സ്റ്റാന്റിന് സമീപത്തെ മില്‍മ ബൂത്ത് സാഹസികമായി തുറന്ന് കബീറിനു അതിജീവനത്തിന്റെ വഴി തുറന്നുകൊടുത്ത ചരിത്രം കൂടിയുണ്ട് ഫിജോക്ക്.
കേരള ബ്രേക്കിംഗ് ന്യൂസ് എന്ന വീക്കിലിയില്‍ ആത്മീയ വ്യാപാരിയായ കെ പി യോഹന്നാന്‍ എന്ന സ്വയം പ്രഖ്യാപിത ബിഷപ്പിനെതിരെ വാര്‍ത്തകള്‍ ചെയ്തതിന്റെ പേരില്‍ നിരണം ഭദ്രാസനം അയച്ച നൂറുകോടി രൂപയുടെ നഷ്ടപരിഹാര നോട്ടീസിനെ ധീരമായി നേരിട്ട് ഫിജോ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

നിലമ്പൂര്‍ ആദിവാസിക്കാടുകളില്‍ സേവനം അനുഷ്ടിച്ചിരുന്ന ഡോക്ടര്‍ ഷാനവാസിന്റെ മരണത്തിലെ പോലീസ് ഇരട്ടത്താപ്പുകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സൈബര്‍ ലോകം ഇന്നോളം കാണാത്ത ക്രൂരമായ വേട്ടയാടലിനു ഇരയാക്കിയപ്പോഴും ഫിജോ പതറിയില്ല.
അവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും നിയമ കേന്ദ്രങ്ങളിലും ശക്തമായ ഇടപെടല്‍ നടത്തി ആ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയിരുന്ന പ്രധാനിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു. 

യാഥാസ്ഥിതിക കൃസ്ത്യന്‍ കുടുംബത്തില്‍ നിന്ന് ഒരു പ്രണയ ചതിയുടെ ദുരന്തത്തില്‍പെട്ട് ഒരിക്കല്‍ ജീവിതം കൈവിട്ടു പോയ പെണ്ണാണ് ഫിജോ.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ആത്മഹത്യകൊണ്ടീ ലോകത്തുനിന്നൊരു രക്ഷപ്പെടലിനുവേണ്ടി കടലിന്റെ തണല് തേടിയവള്‍... 

പക്ഷെ മരണത്തിലും പതറാതെ കൂട്ടുവന്ന മകളുടെ വാക്കുകള്‍ കൊണ്ട് ജീവിതം തിരിച്ചുപിടിച്ചു....അമ്മേ ആദിക്കുട്ടനെ ചാച്ചായിക്കു കൊടുത്തേക്കൂ...അവന്‍ കുഞ്ഞല്ലേ നമുക്ക് മരിക്കാം.... അവനെ കൊടുത്തേക്കൂ... ഈ വാക്കുകളില്‍ നിന്നാണ് ഫിജോയും കുഞ്ഞുങ്ങളും ജീവിതത്തിലേക്ക് തിരിച്ചുനടന്നത്.
അന്യന്റെ വീട്ടിലെ അടുക്കളപ്പണിമുതല്‍ ഇന്ന് കേരളാ ബ്രേക്കിങ്ങ് ന്യൂസ് എന്ന വീക്കലി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം വരെയുള്ള ജീവിത യാത്രയില്‍ ആകെ ഉണ്ടായിരുന്ന ധൈര്യം തോല്‍ക്കാന്‍ പാടില്ല എന്ന മനസ്സിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നുവെന്ന് ഫിജോ പറയുന്നു.
പിന്നീട് ഹാരിസ് സെയ്ദ് മുഹമ്മദ് റാവുത്തര്‍ അവളുടെ കൈപിടിച്ചശേഷം സമൂഹത്തിലെ അനീതികള്‍ക്കെതിരെ ഉറക്കെ ശബ്ദിക്കാന്‍ അയാള്‍ കൂടി തുണയായി. അവിടെ നിന്ന് സഞ്ചരിച്ചു ഇന്ന് സാമൂഹിക വിഷയങ്ങളില്‍ ഫിജോ നടത്തുന്ന പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. ഒടുവില്‍ ഫിജോയുടെ കരങ്ങള്‍ നീലേശ്വരത്തേക്ക് കൂടി നീളുകയായിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.