Latest News

ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിക്കമ്പനി ഉടമ പെട്രോളൊഴിച്ച് കത്തിച്ചു

അമ്പലപ്പുഴ: ചിട്ടിക്കമ്പനി ഉടമയുടെ വീടിനു മുന്നില്‍വച്ച് പൊള്ളലേറ്റ ദമ്പതിമാര്‍ ആശുപത്രിയില്‍ മരിച്ചു. ഇടുക്കി കീരിത്തോട് കുമരംകുന്നേല്‍ കുമാരന്റെ മകന്‍ കെ.കെ.വേണു(54), ഭാര്യ രാജാക്കാട് സ്വദേശിനി സുമ(50) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ഇതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയില്‍ ബി ആന്‍ഡ് ബി ചിട്ടിക്കമ്പനി നടത്തിയിരുന്ന അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവത്സലനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നെന്ന് മരിക്കുംമുമ്പ് ദമ്പതിമാര്‍ പോലീസിനും ഡോക്ടര്‍ക്കും മൊഴി നല്‍കിയിരുന്നു.

ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. വിവരമറിഞ്ഞ് അമ്പലപ്പുഴ എസ്.ഐ. എം.പ്രതീഷ്‌കുമാറും സംഘവും എത്തുമ്പോള്‍ ദമ്പതിമാരുടെ ദേഹത്ത് തീകത്തുകയായിരുന്നു. പോലീസാണ് വെള്ളമൊഴിച്ച് തീയണച്ചശേഷം ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി ഒരു മണിക്കൂറിനുള്ളില്‍ വേണു മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുമ രാത്രി പത്തരയോടെയും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

സുരേഷ് ഭക്തവത്സലന്‍ 2013ല്‍ അമ്പലപ്പുഴ കച്ചേരിമുക്കില്‍ ചിട്ടിക്കമ്പനി നടത്തിയിരുന്നു. അത് പിന്നീട് പൊളിഞ്ഞു. ഇയാള്‍ക്കെതിരേ ഇടപാടുകാര്‍ നല്‍കിയ പരാതികളില്‍ 17 കേസുകളുണ്ട്. ഇതിപ്പോള്‍ കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.

ശനിയാഴ്ച രാവിലെ ദമ്പതിമാര്‍ സ്വര്‍ണം വാങ്ങാന്‍ പണമാവശ്യപ്പെട്ട് സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നതായി അമ്പലപ്പുഴ സി.ഐ. എം.വിശ്വംഭരന്‍ പറഞ്ഞു. മൂന്നരലക്ഷം രൂപ ഇവര്‍ക്ക് കിട്ടാനുള്ളതായാണ് വിവരം. വൈകീട്ട് ഏഴുമണിയോടെ ഇവര്‍ അമ്പലപ്പുഴയില്‍ സുരേഷിന്റെ വീട്ടിലെത്തി. ഈ സമയം താന്‍ വീട്ടിലില്ലായിരുന്നുവെന്നാണ് സുരേഷ് പോലീസിന് മൊഴി നല്‍കിയത്. ഇക്കാര്യം ശരിയാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

കേസില്‍ ദമ്പതിമാരുടെ മരണമൊഴി നിര്‍ണായകമാണ്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സി.ഐ. അറിയിച്ചു.
മക്കള്‍: നിധീഷ്, നിഖില. മരുമകന്‍: ജിതിന്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.