Latest News

ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന്‌ സ്വര്‍ണ്ണം കവര്‍ന്നു

കാസര്‍കോട്: ബന്തടുക്കയിലെ സുമംഗലി ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് കവര്‍ച്ച. ഒരു കിലോയിലേറെ സ്വര്‍ണാഭരണങ്ങളും നാലരക്കിലോ വെള്ളിയും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.[www.malabarflash.com] 

ലോക്കര്‍ പൊളിച്ച നിലയിലും സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ട്രേകള്‍ വലിച്ചെറിഞ്ഞ നിലയിലുമാണ്. പൊലീസ് വിരലടയാളങ്ങള്‍ ശേഖരിക്കുന്നതിനാല്‍ നഷ്ടത്തിന്റെ കണക്കെടുത്തിട്ടില്ല. 

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളും കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ കുണ്ടംകുഴിയിലെ അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് സുമംഗലി ജ്വല്ലറി. 

അശോകന്റെ തന്നെ ഉടമസ്ഥതയിലുള്ള കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ ഏഴുമാസം മുമ്പ് ചുമര്‍ തുരന്ന് സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഉത്തരേന്ത്യക്കാരായ സംഘത്തെയാണ് അന്ന് അറസ്റ്റ് ചെയ്തത്. അതില്‍ പ്രധാന പ്രതികളെ ഇപ്പോഴും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. നഷ്ടപ്പെട്ട ആഭരണങ്ങളും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മൂന്നാം തവണയാണ് അശോകന്റെ ജ്വല്ലറി കവര്‍ച്ചക്കിരയാവുന്നത്.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് ജ്വല്ലറി ജീവനക്കാരന്‍ കടയുടെ ഷട്ടര്‍ തുറന്നപ്പോഴാണ് പിറക് വശത്തെ ചുമര്‍ തുരന്ന നിലയിലും സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ കുത്തിപ്പൊളിച്ച നിലയിലും കണ്ടത്. മൂന്നാം തവണയും ജ്വല്ലറി കവര്‍ച്ച ചെയ്തതോടെ അശോകന്റെ സമ്പാദ്യം മൊത്തമായി നഷ്ടമായിരിക്കുകയാണ്.
കവര്‍ച്ചാകേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം വേണമെന്നും നഷ്ടപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്താന്‍ സത്വര നടപടി വേണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരിം സിറ്റി ഗോള്‍ഡും ജില്ലാ ട്രഷറര്‍ കബീര്‍ നവരത്‌നയും ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.