Latest News

അവധിക്കാലം അടിച്ചു പൊളിക്കാന്‍ ബേക്കലിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

ബേക്കല്‍: അവധിക്കാലം അടിച്ചു പൊളിക്കാന്‍ ബേക്കലിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് കൂടി. തദ്ദേശീയര്‍ക്കൊപ്പം, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലുമുള്ള നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവും കോട്ടയും പാര്‍ക്കും സന്ദര്‍ശനത്തിനെത്തുന്നത്.[www.malabarflash.com]

വിഷു, ഈസ്റ്റര്‍ അവധി ദിവസങ്ങളില്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിയത്.
ബേക്കല്‍ കോട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള വൈകുന്നേരത്തെ കടല്‍ കാഴ്ച കാണാന്‍ മാത്രം ദൂരദേശങ്ങളില്‍ നിന്നും ആളുകളെത്തുന്നുണ്ട്. വൈകിട്ട് 5 .50 ന് വ്യൂ പേയന്റ 'കവാടം അടക്കുന്നുവെന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുമ്പോള്‍ സന്ദര്‍ശകര്‍ കടല്‍ തീരത്തു നിന്നും മനസ്സില്ലാ മനസ്സോടെയാണ് മടങ്ങുക.
ബേക്കല്‍ കോട്ടക്കുള്ളിലെ മുഴുവന്‍ സന്ദര്‍ശകരെയും വൈകിട്ട് ആറ് മണിക്ക് തന്നെ പുറത്താക്കി പ്രവേശന കവാടം അടക്കും.

കഴിഞ്ഞ മാസം വരെ, ദിവസവും വിദേശ സഞ്ചാരികള്‍ ബേക്കലില്‍ വന്നിരുന്നു. ചൂട് കൂടിയതോടെ വിദേശികളുടെ വരവ് കുറഞ്ഞതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ജീവനക്കാരന്‍ സുരേഷ് പറയുന്നു.
കോട്ട കാണാനെത്തുന്നവരില്‍ ഭൂരിഭാഗവും പള്ളിക്കര ബീച്ച് പാര്‍ക്കും സന്ദര്‍ശിക്കാറുണ്ട്. ഇവിടെ കടല്‍ ശാന്തമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരടക്കം കടല്‍ സ്‌നാനം കഴിഞ്ഞാണ് മടക്കം. 
കുട്ടികളുടെ പാര്‍ക്കും, യന്ത്ര തീവണ്ടിയടക്കമുള്ള ഉല്ലാസവാനനങ്ങളും കുട്ടികളെ ബീച്ചിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇതിന് പുറമെ കുതിര, ഒട്ടക സവാരിക്കും ബീച്ച് പാര്‍ക്കില്‍ സൗകര്യമുണ്ട്.
കുട്ടികളുടെ വിനോദയാത്ര സംഘങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടേക്ക് എത്തിയിരുന്നു.
വൈകുന്നേരം മൂന്ന് മുതല്‍ ഏഴ് വരെയുള്ള സമയങ്ങളിലാണ് സന്ദര്‍ശകരുടെ തിരക്ക് കൂടുകയെന്ന് പാര്‍ക്ക് നടത്തിപ്പിന്റെ ചുമതലയുള്ള പള്ളിക്കര സഹകരണ ബാങ്കിന്റെ സെക്രട്ടറി പുഷ്‌കരന്‍ പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.