Latest News

വീണ്ടുമൊരു വിഷുക്കാലം; സ്വര്‍ണവര്‍ണമേകി നാടെങ്ങും കൊന്നകള്‍ പൂത്തു

കാസര്‍കോട്: മലയാളിയുടെ കാര്‍ഷിക ഉത്സവമായ വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കൊന്നമരങ്ങള്‍ പൂത്തു. മേടമാസത്തിലെ വിഷുവിന് ഇത്തവണ കണിക്കൊന്ന കുംഭ മാസത്തില്‍ തന്നെ പൂത്തിരുന്നു. സ്വര്‍ണ വര്‍ണ മണിഞ്ഞ് വഴിയോരങ്ങളിലും പുരയിടങ്ങളിലും പൂത്തുനില്‍ക്കുന്ന കണിക്കൊന്നകള്‍ കണ്ണിനും മനസ്സിനും കുളിരേകുകയാണ്.[www.malabarflash.com]

വിഷുവിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൊന്നപ്പൂ. വിഷുപ്പുലരിയില്‍ കണികണ്ടുണരാന്‍ കൃഷ്ണ വിഗ്രഹത്തോടൊപ്പം കണിക്കൊന്നയും നിര്‍ബന്ധമാണ്. വിഷുവുമായി ബന്ധപ്പെട്ട കൊന്നയുടെ ഐതീഹ്യം ഇങ്ങനെയാണ്: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാരി ഒരു ദിവസം പൂജാകര്‍മങ്ങള്‍ക്കായി തന്റെ മകനെയാണ് അയച്ചത്.

കുട്ടിയുടെ നിഷ്‌കളങ്കമായ പൂജാകര്‍മങ്ങളിലും കുസൃതിയിലും സംപ്രീതനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍, കുട്ടിക്ക് മുന്നില്‍ പ്രത്യക്ഷനായി തന്റെ അരഞ്ഞാണം അഴിച്ചു നല്‍കി. ഇതുമായി വീട്ടിലെത്തിയ കുട്ടിയെ മാതാവ് ശകാരിക്കുകയും അരഞ്ഞാണം വിഗ്രഹത്തില്‍ നിന്ന് അഴിച്ചെടുത്തതാണെന്നു പറഞ്ഞ് അഴിച്ചെറിയുകയും ചെയ്തു. തൊട്ടടുത്ത മരത്തില്‍ ചെന്നുവീണ ഈ അരഞ്ഞാണത്തിലെ മണികള്‍ കണിക്കൊന്നപ്പൂക്കളായി വിരിഞ്ഞു. വിഷുവിനായി നടൊരുങ്ങുമ്പോള്‍ കൊന്നകളും പൂത്തു തുടങ്ങും.

വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്. തായ്‌ലന്‍ഡിന്റെ ഔദ്യേഗിക പുഷ്പമായ കണിക്കൊന്ന കേരളത്തിന്റെയും ഔദ്യോഗിക പുഷ്പമാണ്. ഏറെ ഔഷധഗുണമുള്ള കൊന്ന കേരളത്തിലാണ് ഏറെയും കണ്ടുവരുന്നത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.