Latest News

ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത 'പൂവാലനു' കമ്പി കുത്തികയറിയുള്ള പരിക്ക്

കോട്ടയം: ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത 'പൂവാലനു' കമ്പി കുത്തികയറിയുള്ള പരിക്ക്. കോട്ടയം നഗരത്തിലാണ് സംഭവം. പൂവാലന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കമ്പി കുത്തികയറിയത്.[www.malabarflash.com]

പരിക്ക് ഗുരുതരമല്ലെന്ന് കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചു. തണ്ണീര്‍മുക്കം സ്വദേശി ഹരിദാസി(തമ്പി-50)നാണു പരിക്കേറ്റത്. സി.എം.എസ് കോളേജിനു മുന്നിലായിരുന്നു സംഭവം.

ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തിനു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്ത പെണ്‍കുട്ടിയെ തമ്പി ശല്യപ്പെടുത്തുകയായിരുന്നു. തണ്ണീര്‍മുക്കത്തു നിന്നും ബസ് പുറപ്പെട്ടപ്പോള്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാള്‍ക്കു താക്കീത് ചെയ്തു. തുടര്‍ന്നു അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും ശല്യപ്പെടുത്തി. ബസ് സി.എം.എസ് കോളേജ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ സഹയാത്രക്കാര്‍ ഇടപെട്ടു.

ഇതോടെ ഇയാള്‍ ബസിന്റെ ഡോര്‍ തുറന്ന് ഓടുകയായിരുന്നു. നാട്ടുകാരും ഇയാളുടെ പിന്നാലെ ഓടി. ഓട്ടത്തിനിടയില്‍ സി.എം.എസ് കോളേജിന്റെ ഗേറ്റ് ചാടികടക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കാല്‍വഴുതി വീണതോടെ തമ്പിയുടെ കഴുത്തില്‍ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു കമ്പി കുത്തിക്കയറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

താടിക്ക് താഴെയായി ആഴത്തില്‍ മുറിവുണ്ട്. നാട്ടുകാര്‍ അറിയിച്ചതോടെ സ്ഥലത്തെത്തിയ വെസ്റ്റ് പോലീസ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.