Latest News

പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ; ജിഷ്ണുവിന്‍റെ അമ്മയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മാതാവ് മഹിജയും ബന്ധുക്കളും പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.[www.malabarflash.com]

പോലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് സംഭവത്തിന് തുടക്കം. സമരത്തിന് എത്തിയ ബന്ധുക്കളോട് ഡിജിപി ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിരുന്നു.

പ്രകോപനമൊന്നും കൂടാതെ സമരത്തിന് എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലും ജിഷ്ണുവിന്‍റെ അമ്മയ്ക്ക് പരിക്കേറ്റു. പോലീസ് വാനിലേക്ക് വലിച്ചിഴച്ചാണ് മഹിജയെ മാറ്റിയത്. പിന്നീട് മഹിജയെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിൽ വച്ചു. പുറത്തുവിട്ടാൽ തങ്ങൾ പോലീസ് ആസ്ഥാനത്ത് സമരം നടത്തുമെന്ന് ബന്ധുക്കൾ നിലപാടെടുത്തതോടെ ഇവരെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്.

പരിക്കേറ്റ മഹിജയെയും മറ്റ് ബന്ധുക്കളെയും പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്‍റെ നടപടിക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. പ്രതികളെ സംരക്ഷിച്ച് ഇരകളെ ആക്രമിക്കുന്ന രീതിയാണ് പോലീസ് കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മഹിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനും കെ.മുരളീധരൻ എംഎൽഎയും എത്തി. പോലീസിന്‍റെ നടപടിക്കെതിരേ ബിജെപിയും രംഗത്തുവന്നു.

അതിനിടെ പോലീസ് ആസ്ഥാനത്തിന് മുൻപിൽ നടന്ന സംഭവങ്ങളുടെ പേരിൽ ഡിജിപിയെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ ഫോണിൽ വിളിച്ച് ശാസിച്ചു. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.