Latest News

റിയാസ് മുസ്‌ല്യാര്‍ വധം: അഡ്വ. എം അശോകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ തീരുമാനം

കാസര്‍കോട്: റിയാസ് മുസ്‌ല്യാര്‍ വധക്കേസില്‍ കേരളത്തില്‍ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകന്‍ കോഴിക്കോട്ടെ അഡ്വ. എം അശോകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ തീരുമാനമായതായി ഓള്‍ഡ് ചൂരി ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com] 

ഇതു സംബന്ധിച്ച് റിയാസ് മുസ്‌ല്യാരുടെ ഭാര്യ സൈദയുടെ സമ്മത പത്രവും അഡ്വ. അശോകന്റെ സമ്മത പത്രവും മുഖ്യമന്ത്രിക്ക് നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.

ജമാഅത്ത് കമ്മിറ്റി നല്‍കിയ ഈ മെമോറാണ്ടം നടപടിക്കായി സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് അയച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട റിയാസ് മുസ്‌ല്യാരുടെ ഭാര്യയുടേയും ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുള്ളത്. കേസിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ഇടപെടലുകള്‍ ജമാഅത്ത് കമ്മിറ്റി നടത്തിയിട്ടുണ്ട്.

റിയാസ് മുസ്‌ല്യാര്‍  കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. യു എ പി എക്ക് സര്‍ക്കാര്‍ എതിരാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇതുസംബന്ധിച്ചുള്ള ഗൂഢാലോചന അന്വേഷിച്ചുവരികയാണെന്നാണ് മുഖ്യമന്ത്രിയും അന്വേഷണ സംഘവും അറിയിച്ചിട്ടുള്ളത്.

കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടപ്പോള്‍ ജഡ്ജ്മാരുടെ കുറവുള്ള കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയായിരുന്നു. കേസന്വേഷണത്തില്‍ ജമാഅത്ത് കമ്മിറ്റിക്ക് പൂര്‍ണ സംതൃപ്തിയാണെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങികൊടുക്കാന്‍ എല്ലാം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ വിചാരണ പെട്ടെന്ന് നടത്താന്‍ കഴിയുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും അന്വേഷണസംഘം ജമാഅത്ത് കമ്മിറ്റിയെ കൃത്യമായി രീതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.

പ്രതികള്‍ക്ക് വേണ്ടി ഇതുവരെ ഒരാള്‍ പോലും ജാമ്യത്തിനായി ബന്ധപ്പെട്ടിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സാക്ഷികള്‍ക്കോ മറ്റോ ഒരുതരത്തിലുള്ള ഭീഷണിയും ആരില്‍ നിന്നും ഉണ്ടായിട്ടില്ല. റിയാസ് മുസ്‌ല്യാരുടെ കുടുംബത്തെ സഹായിക്കാന്‍ കുടക് കെട്ടുംകുഴി ജമാഅത്ത് കമ്മിറ്റിയും സമീപത്തെ മൂന്ന് ജമാഅത്ത് കമ്മിറ്റികളും ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

ചൂരി ജമാഅത്ത് കമ്മിറ്റി മഹല്ലിലെ അംഗങ്ങളില്‍ നിന്ന് മാത്രം തുക സ്വരൂപിച്ച് കുടുംബത്തിന് നല്‍കുകയായിരുന്നു. ആരില്‍ നിന്നും സംഭാവന പിരിച്ചിട്ടില്ല. ലീഗ് ഉള്‍പ്പെടെയുള്ള മറ്റു സംഘാടനകളും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനും മറ്റും മുന്നോട്ട് വന്നതിനാല്‍ ജമാഅത്ത് കമ്മിറ്റി വീടിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല.

ചൂരി പ്രദേശത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നു കൊലപാതകമാണ് നടന്നിരിക്കുന്നത്. മറ്റു കേസുകളിലൊന്നും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നില്ല അതുകൊണ്ട് തന്നെ റിയാസ് മുസ്‌ല്യാര്‍ കേസില്‍ കൃത്യമായ ജാഗ്രത ജമാഅത്ത് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ സി എ അബ്ദുള്‍ ഗഫൂര്‍, സി എ സുലൈമാന്‍ ഹാജി, സി എ അബ്ദുള്‍ സത്താര്‍, ഹാരിസ് ചൂരി, സി എച്ച് നൂറുദ്ദീന്‍, ഇംത്യാസ് കാലിക്കറ്റ് എന്നിവര്‍ സംബന്ധിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.