Latest News

സ്വന്തം വീട്ടില്‍നിന്നു പണവും സ്വര്‍ണവും കവര്‍ന്ന അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: സ്വന്തം വീട്ടില്‍നിന്നു പട്ടാപ്പകല്‍ 90 പവനും 10 ലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ അധ്യാപകന്‍ പിടിയില്‍. കീഴ്പയ്യൂര്‍ എംഎല്‍പി സ്‌കൂള്‍ അധ്യാപകനായ ജലീലിനെ (35) ആണ് പയ്യോളി സിഐ ദിനേശന്‍ കോറോത്തും സംഘവും അറസ്റ്റ് ചെയ്തത്. [www.malabarflash.com]

മേപ്പയൂര്‍ മെരട്ടക്കുന്നത്ത് അബ്ദുല്ലയുടെ വീട്ടില്‍നിന്നാണു മകന്‍ ജലീല്‍ കഴിഞ്ഞ ദിവസം പകല്‍ മോഷണം നടത്തിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയും ഹാര്‍ഡ് ഡിസ്‌കും ഉള്‍പ്പെടെയുള്ളവ കൊണ്ടുപോയിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി സിഐ പറഞ്ഞു.
ഗൃഹനാഥനായ അബ്ദുല്ല നേരത്തെ വിദേശത്തായിരുന്നു. അബ്ദുല്ല പഞ്ചായത്ത് ഓഫിസില്‍ പോയ സമയത്തു രാവിലെ ഒന്‍പതിനും പത്തിനും ഇടയിലായിരുന്നു മോഷണം. ഭാര്യ പാത്തു വീടിനു പിന്നില്‍ വസ്ത്രം അലക്കുകയായിരുന്നു. ജലീല്‍ നേരത്തെ പുറത്തു പോയിരുന്നു.
തിരികെ വന്നാണു കവര്‍ച്ച നടത്തിയത്. 

ജലീലിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. അകത്തുനിന്നു ഫോണ്‍ ബെല്‍ ശബ്ദം കേട്ടു പാത്തു ചെന്നപ്പോഴാണ് അലമാര കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതു കണ്ടത്. മുറിയിലാകെ മുളകുപൊടിയും വിതറിയിരുന്നു.
വ്യക്തിപരമായ സാമ്പത്തിക ബാധ്യതയാണ് പ്രതിയെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. ബിസിനസില്‍ സംഭവിച്ച നഷ്ടം പരിഹരിക്കാനാണ് കൃത്യം നടത്തിയതത്രെ. കടബാധ്യത പരിഹരിക്കാന്‍ അഞ്ചു ലക്ഷം രൂപ പിതാവിനോട് ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാലാണ് ഭാര്യയും മകളും വേനലവധിക്ക് സ്വന്തം വീട്ടില്‍ പോയ തക്കംനോക്കിയുള്ള കവര്‍ച്ച. 

പയ്യോളി കോടതിയില്‍ ഹാജരാക്കിയെങ്കിലും പരാതിക്കാരനായ പിതാവിന്റെ അപേക്ഷയെ തുടര്‍ന്ന് ജാമ്യം നല്‍കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.