Latest News

കുമ്പളയില്‍ കൊലക്കേസ് പ്രതിയെ കഴുത്തറുത്ത് കൊന്നു

കുമ്പള: കൊലക്കേസ് പ്രതിയായ യുവാവിനെ തലയറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. സുഹൃത്തിനെ കുത്തേറ്റ് ഗുരുതരനിലയില്‍ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് കൂടി കുത്തേറ്റതായി സൂചനയുണ്ട്. ഇവരെ കണ്ടെത്താനായിട്ടില്ല.[www.malabarflash.com]

കുമ്പള പെര്‍വാഡിന് സമീപത്തെ അബ്ദുല്‍ സലാം(32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കുമ്പള ബദരിയാ നഗറിലെ നൗഷാദിനാണ് (28) കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് മൊഗ്രാലിനടുത്ത് മാളിയങ്കര കോട്ടയില്‍ കശുമാവിന്‍ തോട്ടത്തിന് സമീപത്തെ റോഡരികിലാണ് തലയറ്റ നിലയില്‍ ജഡം കണ്ടത്. സമീപം ഒരു ബൈക്ക് വീണ് കിടക്കുന്നുണ്ട്. മറ്റൊരു ബൈക്ക് നിര്‍ത്തിയിട്ട നിലയിലുമാണ്.
ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുവെന്ന വിവരം ലഭിച്ച കുമ്പള സി.ഐ.: വി.വി. മനോജ് അബ്ദുല്‍ സലാം, നൗഷാദ് തുടങ്ങി നാലുപേരെ ഞായറാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തിരുന്നു. ആരും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പെറ്റിക്കേസ് ചുമത്തി നാലുപേരെയും വിട്ടു. 

സ്റ്റേഷനില്‍ നിന്നും പോയ നാലുപേരും മൊഗ്രാല്‍ മാളിയങ്കര കോട്ടക്ക് സമീപം കുറ്റിക്കാട്ടില്‍ മദ്യപിച്ചുകൊണ്ടിരിക്കെ മറ്റൊരു സംഘം എത്തി അക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
കുമ്പള പേരാലിലെ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ രണ്ട് വര്‍ഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് അബ്ദുല്‍ സലാം. കൂടാതെ ഒരു പുത്തന്‍ ഇന്നോവ കാര്‍ കത്തിച്ച കേസിലും സലാം പ്രതിയാണ്. 
ക്വട്ടേഷന്‍ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം. 

ഷഫീഖ് കൊലയുടെ പ്രതികാരമാണെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പൂഴിക്കടത്ത് സംഘത്തെയും സംശയിക്കുന്നുണ്ട്. പൂഴിക്കടത്തുകാരില്‍ നിന്നും ഭീഷണിപ്പെടുത്തി അബ്ദുല്‍ സലാം പണം വാങ്ങുന്നുണ്ടെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. 

ജില്ലാ പോലീസ് ചീഫ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പോലീസ് ഊര്‍ജിതമായി അന്വേഷിച്ചുവരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.