Latest News

ചട്ടഞ്ചാല്‍ കശുവണ്ടി കവര്‍ച്ച; രണ്ടുപ്രതികള്‍ക്ക് കഠിനതടവും പിഴയും

കാസര്‍കോട്: ചട്ടഞ്ചാല്‍ കുന്നാറയിലെ വ്യവസായകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ സഫലം വനിതാ കശുവണ്ടി സംസ്‌കരണശാലയില്‍നിന്ന് കശുവണ്ടി കവര്‍ന്ന കേസില്‍ രണ്ടുപ്രതികളെ രണ്ടുവകുപ്പുകളിലായി ആറുവര്‍ഷം കഠിനതടവും 10 ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു.[www.malabarflash.com]

രണ്ടാംപ്രതി ചെമ്പരിക്ക കല്ലുവളപ്പ് കോളനിയിലെ കെ.അഷ്‌റഫ് (23), ആറാംപ്രതി ചെങ്കള ചേരൂര്‍ ഉക്കംപട്ടി ഹൗസിലെ യു.എ.അല്‍ത്താഫ് (19) എന്നിവരെയാണ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഓരോ അഞ്ചുലക്ഷത്തിനും മൂന്നുമാസംവീതം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ അതില്‍നിന്ന് മൂന്നുലക്ഷം രൂപ സഫലം കശുവണ്ടി സംസ്‌കരണ യൂണിറ്റിന് നഷ്ടപരിഹാരം നല്‍കാനും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

2010 ഓഗസ്റ്റ് 28-നും 30-നും ഇടയില്‍ കേന്ദ്രത്തിന്റെ പുട്ടുപൊളിച്ച് അകത്തുകടന്ന സംഘം ചാക്കില്‍ സൂക്ഷിച്ചിരുന്ന 1348.545 കിലോ കശുവണ്ടിയും തൂക്കയന്ത്രവും കംപ്യൂട്ടറുകളുമടക്കം 8,17,671 രൂപയുടെ സാമഗ്രികള്‍ കവര്‍ച്ചചെയ്തുവെന്നാണ് വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഏഴുപ്രതികളാണ് കേസിലുള്ളത്.

മൂന്ന്, നാല്, അഞ്ച് പ്രതികളായ ചെങ്കള ചേരൂരിലെ തൗഫിര്‍, ബി.എം.അബ്ബാസ്, കുണ്ടംകുഴി അഞ്ചാംമൈലിലെ എ.ബി.മാഹിന്‍ എന്നിവരെ കോടതി വെറുതെവിട്ടു. ഒന്നാംപ്രതി ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ പി.എ.മുഹമ്മദ്, ഏഴാംപ്രതി തെക്കില്‍ ബന്താടിലെ എം.അഫ്‌സല്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാല്‍ അവര്‍ക്കെതിരെയുള്ള കേസ് കോടതി മാറ്റിവെച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.