Latest News

ബറാഅത്ത് ദിനത്തിന്റെ പുണ്യംതേടി വിശ്വാസികള്‍

കാസര്‍കോട്: ഇസ്‌ലാം മത വിശ്വാസികള്‍ വ്യാഴാഴ്ച ബറാഅത്ത് ദിനം ആചരിക്കുന്നു. ഹിജ്‌റ വര്‍ഷത്തെ ഷഹബാന്‍ മാസം 15ന് ആണ് ബറാഅത്ത് ദിനം ആചരിക്കുന്നത്. വെളളിയാഴ്ച നോമ്പ് അനുഷ്ഠിക്കും.[www.malabarflash.com]

വ്യാഴാഴ്ച അസര്‍ നമസ്‌കാരത്തോടുകൂടി പ്രാര്‍ഥനകളില്‍ മുഴുകും. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന പുണ്യദിനമാണ് ബറാഅത്ത് രാവ്. മഗ്‌രിബ് നിസ്‌കാരത്തോടെ മസ്ജിദുകളിലും ഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. 

ദീര്‍ഘായുസ്സ്, ഭക്ഷണ വിശാലത, നല്ല മരണം തുടങ്ങി സര്‍വരംഗത്തും അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ വിശ്വാസികള്‍ മൂന്ന് യാസീന്‍ ഓതി സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കുന്നതാണ് ബറാഅത്ത് രാവിലെ പ്രധാനപ്പെട്ട ചടങ്ങ്.
വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തുകഴിയുന്ന വിശുദ്ധ റംസാനിന്റെ വിളംബരം കൂടിയാണ് ബറാഅത്ത് ദിനം. പതിനഞ്ചു ദിവസം കഴിഞ്ഞു റംസാന്‍ വ്രതം ആരംഭിക്കും.

ബറാഅത്ത് ദിനത്തില്‍ വീടുകളിലൊരുക്കുന്ന ചക്കര ചോറ് മലബാറിന്റെ പ്രത്യേകതയാണ്. കൂടാതെ മധുര പലഹാരങ്ങളും ഒരുക്കി മസ്ജിദുകളിലെത്തിച്ച് വിതരണം ചെയ്യും.
വടക്കന്‍ കേരളത്തില്‍ ഈ വര്‍ഷം പിറന്ന കുഞ്ഞുങ്ങളുടെ കോടി ബറാഅത്ത് എന്ന പേരില്‍ പ്രത്യേക ചടങ്ങുകളും നടത്താറുണ്ട്.
ഈ വര്‍ഷം വിവാഹം നടന്നവര്‍, വധൂവരന്‍മാരുടെ വീടുകളില്‍ വധൂവരന്‍മാരുടെ സുഹൃത്തുകള്‍ക്കും കുടുബങ്ങള്‍ക്കും വിരുന്നുസല്‍ക്കാരം നടത്തുന്ന ആചാരവും നടക്കാറുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.