Latest News

ഖമറുന്നീസയെ പാര്‍ട്ടിയിലേക്ക്‌ സ്വാഗതംചെയ്‌ത് ബി.ജെ.പി

മലപ്പുറം: വനിതാലീഗ്‌ അധ്യക്ഷ സ്‌ഥാനത്തുനിന്നും മുസ്ലിംലീഗ്‌ പുറത്താക്കിയ ഖമറുന്നീസ അന്‍വറിനെ പാര്‍ട്ടിയിലേക്ക്‌ സ്വാഗതംചെയ്‌ത് ബി.ജെ.പി.[www.malabarflash.com] 

ഖമറുന്നീസയെപോലെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സ്‌ത്രീ പാര്‍ട്ടിയിലേക്കുവരുന്നതില്‍ സന്തോഷമെയുള്ളവെന്നും അവര്‍പാര്‍ട്ടിയിലേക്കുവരാന്‍ തെയ്യാറാണെങ്കില്‍ സ്വാഗതംചെയ്യുന്നുവെന്നും ബി.ജെ.പി ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി കെ. നാരായണന്‍ ' പറഞ്ഞതായി  മംഗളം ഓൺലൈൻ റിപ്പോർട് ചെയ്‌തു. 

അതേ സമയം വനിതാലീഗ്‌ അധ്യക്ഷ സ്‌ഥാനത്തുനിന്നും പുറത്താക്കിയ ഖമറുന്നീസയോട്‌ ഈ വിഷയത്തില്‍ ഇനിമാധ്യമങ്ങളോട്‌ സംസാരിക്കരുതെന്നും വിഷയം ഇനി ചര്‍ച്ചയാക്കരുതെന്നും ലീഗ്‌ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌.
ബി.ജെ.പിക്കു പ്രവര്‍ത്തന ഫണ്ട്‌ കൈമാറിയശേഷം ബി.ജെ.പിയെ പുകഴ്‌ത്തി സംസാരിച്ചതിനാണു വനിതാലീഗ്‌ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തുനിന്നും കഴിഞ്ഞ ദിവസം ഖമറുന്നീസ അന്‍വറിനെതിരെ മുസ്ലിംലീഗ്‌ പുറത്താക്കിയത്‌. വിഷയത്തില്‍ മാപ്പപേക്ഷിച്ചു മുസ്ലിംലീഗ്‌ സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കു കത്തുനല്‍കിയിട്ടും ഖമറുന്നീസയെ പുറത്താക്കിയ നടപടി അവരെ അപമാനിക്കുന്നതിനു തുല്യമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. 

ഖമറുന്നീസ അന്‍വറിനെ പുറത്താക്കിയതിലൂടെ ലീഗിന്റെ വികൃത മുഖമാണു പുറത്താകുന്നതെന്നും തന്റെ വീട്ടിലെത്തിയവരോട്‌ ഔചിത്യമര്യാദയോടു കൂടിപെരുമാറിയതിനാണു ലീഗ്‌ ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നും വനിതകളെ അടിച്ചമര്‍ത്തുന്ന ലീഗിന്റെ മറ്റൊരു രീതിയാണിതെന്നും കെ. നാരായണന്‍ പറഞ്ഞു. 

മുമ്പു കെ.എം ഷാജി എം.എല്‍.എ അടക്കമുള്ള ലീഗ്‌ നേതാക്കള്‍ ബി.ജെ.പിയെ അനുകൂലിച്ചു സംസാരിച്ചപ്പോഴൊന്നും നടപടിയെടുക്കാത്ത ലീഗ്‌ ഒരു വനിത സംസാരിച്ചപ്പോള്‍ മാത്രം ഇത്തരത്തില്‍ പുറത്താക്കിയത്‌ സ്‌ത്രീകളെ അവഹേളിക്കുന്നതിന്റെ ഉദാഹരണമാണ്‌. സ്‌ത്രീസുരക്ഷ, സമത്വം തുടങ്ങിയ വിഷയങ്ങളില്‍ ലീഗിന്‌ പ്രതികരിക്കാന്‍ അവകാശമില്ല, സ്‌ത്രീകളെ പാവകളും വീട്ടില്‍ മാത്രം ഒതുങ്ങിക്കൂടുന്ന ഒരു വസ്‌തുമായാണു ലീഗ്‌ കാണുന്നത്‌. 

ഇന്നത്തെ മുസ്ലിംസ്‌ത്രീകള്‍ വിദ്യാഭ്യാസവും വിവരമുള്ളവരാണ്‌. ഇവര്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ ലീഗിന്‌ സാധിച്ചിട്ടില്ലെന്നും നാരായണന്‍ പറഞ്ഞു. മറ്റുരാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു ഫണ്ടുകൊടുത്തതിന്റെ പേരില്‍ ആളുകളെ പുറത്താക്കുകയാണെങ്കില്‍ ഇത്തരത്തില്‍ പുറത്താക്കിയവര്‍ക്കു മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിയുണ്ടാക്കേണ്ടിവരും. ഇത്തരത്തില്‍ എല്ലാവരും ചെയ്യുന്നതാണ്‌. 

പ്രാദേശികമായി അടപ്പമുള്ളവരും പരിചയമുള്ളവരും വരുമ്പോള്‍ ആളുകള്‍ പാര്‍ട്ടിനോക്കാതെയാണു ഫണ്ടുനല്‍കുന്നത്‌. ഇതിനുപുറമെ ഇവര്‍ ബി.ജെ.പിയെ കുറിച്ചു ഇവര്‍ പറഞ്ഞതു വാസ്‌തവം മാത്രമാണ്‌. ഇത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്‌. ഇതിനാലാണു ലീഗിന്റെ ഈപുറത്താക്കലില്‍ സ്‌ത്രീ വിദ്വേഷം വ്യക്‌തമാകുന്നതെന്നും നാരായണന്‍ പറഞ്ഞു.
അതോടൊപ്പംതന്നെ ബി.ജെ.പി നേതാവായ കെ.സുരേന്ദ്രനും ഖമറുന്നീസയെ നടപടിയെ അഭിനന്ദിച്ചും സ്വാഗതംചെയ്‌തും കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ പ്രതികരിച്ചിരുന്നു. ഖമറുന്നീസ അന്‍വര്‍ ഒരു ഒറ്റപ്പെട്ട വ്യക്‌തിയല്ലെന്നും ഇങ്ങനെ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ടെന്നും പ്രത്യേകിച്ച്‌ മുസ്ലിംവനിതകള്‍ എന്നുംപറഞ്ഞു തുടങ്ങുന്ന സുരേന്ദ്രന്റെ പോസ്‌റ്റില്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ടെന്നും ഇതു തുറന്നു പറയാനുള്ള തന്റേടം പലര്‍ക്കുമില്ലെന്നേയുള്ളൂവെന്നും പറയുന്നു. 

സമ്മര്‍ദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും ഖമറുന്നീസ നട്ടെല്ലുള്ള ഒരു വനിതാ നേതാവു തന്നെയാണ്‌. അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അവരുടെ നിലപാട്‌ ബോധ്യമാവും. അനന്തമായ സാധ്യതകളാണ്‌ ഈ നിലപാടിലൂടെ അവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്‌. 

ഒന്നുകില്‍ അപമാനം സഹിച്ച്‌ അടങ്ങിയിരിക്കുക. അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനിന്ന്‌ നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്ലിംസ്‌ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടാമത്തേതാണ്‌ പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണു സുരേന്ദ്രന്റെ ഫേസ്‌ബുക്ക്‌ പോസറ്റ്‌ അവസാനിക്കുന്നത്‌.
അതേ സമയം മുന്‍കാലങ്ങളില്‍ ബി.ജെ.പി , ആര്‍.എസ്‌.എസ്‌ അനുകൂല നിലപാടുകള്‍ സ്വീകരിച്ച ലീഗ്‌ നേതാക്കള്‍ക്കെതിരെയൊന്നും നടപടി സ്വീകരിക്കാതെ ഖമറുന്നീസ മാപ്പുപറഞ്ഞിട്ടും ഏകപക്ഷീയമായി നടപടി ലീഗിന്റെ സ്‌ത്രീവിരുദ്ധ നിലപാടാണെന്നു ചൂണ്ടിക്കാട്ടിയാണു ബി.ജെ.പി പ്രചരണം നടത്തുന്നത്‌. 

മുസ്ലിംവനിതകള്‍ക്കിടയില്‍ ബി.ജെ.പിക്കു കൂടുതല്‍ സ്വീകര്യത കിട്ടാന്‍ ഈപ്രചരണംകൊണ്ടുസാധിക്കുമെന്നാണു നേതാക്കള്‍ വിലയിരുത്തുന്നത്‌.
വനിതാലീഗ്‌ രൂപീകരണ കാലം മുതല്‍ ഇതിന്റെ അധ്യക്ഷയായിരുന്നു ഖമറുന്നീസ അന്‍വര്‍. അതോടൊപ്പം തന്നെ സംസ്‌ഥാനവനിതാ സാമൂഹ്യക്ഷേമ വകുപ്പ്‌ അധ്യക്ഷ, കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡ്‌ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയംഗം, സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, തുടങ്ങിയ സ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഖമറുന്നീസ മുമ്പ്‌ കോഴിക്കോട്‌ രണ്ടില്‍ നിന്നും ലീഗ്‌ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുകയും ചെയ്‌തിരുന്നു.
കേന്ദ്ര സാമൂഹികക്ഷേമ ബോര്‍ഡ്‌ എക്‌സിക്യൂട്ടീവ്‌ അംഗമായ ഖമറുന്നീസ ഈസ്‌ഥാനം നിലനിര്‍ത്തുന്നതിനുവേണ്ടിയാണു ബി.ജെ.പിക്കു അനുകൂലമായി പ്രതികരിച്ചതെന്നാണു ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്‌.
(കടപ്പാട് : മംഗളം ഓൺലൈൻ)

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.