Latest News

ക്ഷേത്രത്തിലെ അക്രമം; അറസ്റ്റിലായയാള്‍ കൊലക്കേസിലും പ്രതി

മലപ്പുറം: പൂക്കോട്ടുംപാടം വില്വത്ത് ശിവക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കിളിമാനൂര്‍ പുല്ലയില്‍ തെങ്ങുവിളവീട്ടില്‍ മോഹനകുമാര്‍(45)ആണ് അറസ്റ്റിലായത്. ഇയാള്‍ കിളിമാനൂരില്‍ ഒരു സ്ത്രീയെക്കൊന്ന കേസിലും ബാണാപുരം ക്ഷേത്രത്തില്‍ നാശംവരുത്തിയ കേസിലും പോലീസിനെ ആക്രമിച്ചകേസിലും പ്രതിയാണ്.[www.malabarflash.com]

വാര്‍പ്പുപണിക്കാരനായ പ്രതി ഒന്‍പതുവര്‍ഷമായി മലപ്പുറം ജില്ലയിലാണ് താമസം.

വെള്ളിയാഴ്ച രാത്രിയാണ് വില്വത്ത് ക്ഷേത്രത്തില്‍ ഓടിളക്കി കടന്ന് അക്രമംനടത്തിയത്. ബള്‍ബുകള്‍ അടിച്ചുതകര്‍ത്തു. ശിവന്റെയും വിഷ്ണുവിന്റെയും ശ്രീകോവിലിന്റെ വാതിലുകള്‍ കല്ലുപയോഗിച്ച് തകര്‍ത്തു. അകത്തുകടന്ന് രണ്ടുവിഗ്രഹങ്ങളും പൊട്ടിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ അപരിചിതനായ ഒരാള്‍ സ്ഥലത്ത് ബസുകയറാന്‍ നില്‍ക്കുന്നതുകണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യംചെയ്തിരുന്നു. ആളുകള്‍ കൂടുന്നതിനിടയില്‍ ഇയാള്‍ മുങ്ങുകയുംചെയ്തു. പിന്നീട് നാട്ടുകാരില്‍നിന്ന് കിട്ടിയ വിവരങ്ങള്‍പ്രകാരം പോലീസ് മോഹനകുമാറിനെ അയാള്‍താമസിക്കുന്ന മമ്പാട്ടെ വാടകമുറിയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ക്ഷേത്രത്തിലെ വിളക്കുകളിലുള്ള കരിപുരണ്ട എണ്ണ ഇയാളുടെ ഷര്‍ട്ടില്‍ പുരണ്ടിരുന്നു. തുടര്‍ന്നുനടന്ന ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്.

2011 നവംബര്‍ 26 ന് കിളിമാനൂര്‍ മുല്ലയില്‍ പാറക്യൂഡ് ക്ഷേത്രത്തില്‍വെച്ച് കമലാക്ഷിയെന്ന സ്ത്രീയെക്കൊന്ന് കുളത്തില്‍ത്തള്ളിയ കേസിലും ഇയാള്‍ പ്രതിയാണ്. ചിട്ടിസംബന്ധമായി ആയിരംരൂപ നല്‍കാത്തതിന്റെ വിരോധത്തിലാണ് ഈ കൊല നടത്തിയതെന്ന് പ്രതി പറഞ്ഞു. ഈ കേസ് തെളിയാതെ കിടക്കുകയായിരുന്നു.

ജനവരി 19 ന് വണ്ടൂര്‍ ബാണാപുരം ക്ഷേത്രത്തില്‍ വാതില്‍തകര്‍ത്ത് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതും താനാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചതായി എസ്.പി. ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു.

വില്വത്ത് ക്ഷേത്രത്തില്‍നിന്നും ബാണാപുരം ക്ഷേത്രത്തില്‍നിന്നും കിട്ടിയ വിരലടയാളങ്ങള്‍ ഇയാളുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിലമ്പൂരില്‍ 2008-ല്‍ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് മോഹനകുമാര്‍. വേറെയേതെങ്കിലും അമ്പലക്കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഡി.വൈ.എസ്.പി. എം.പി. മോഹനചന്ദ്രന്‍ അറിയിച്ചു.

ആരാധാനാലയത്തില്‍ അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കിയതിനും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമംനടത്തിയതിനുമാണ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.