Latest News

സുമനസുകളുടെ സഹായവും തുണയായില്ല; ദുര്‍ഗ്ഗ കണ്ണീരോര്‍മ്മയായി

നീലേശ്വരം: നീലേശ്വരം കൊഴുന്തിലിലെ പന്ത്രണ്ടുകാരി ദുര്‍ഗ്ഗ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ചിന്മയ വിദ്യാലയത്തിലെ ഏഴാംതരം വിദ്യാര്‍ത്ഥിനിയായ ദുര്‍ഗ്ഗ ഞായറാഴ്ച രാത്രിയാണ് മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.[www.malabarflash.com]

കഴിഞ്ഞ അഞ്ചു മാസക്കാലമായി ഈ കുട്ടി തിരുവനന്തപുരം ആര്‍സിസിയില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. 

ഏഴാംക്ലാസില്‍ പഠിക്കുന്നതിനിടയിലാണ് മിടുക്കിയായ ദുര്‍ഗ്ഗയില്‍ രോഗലക്ഷണം കാണപ്പെട്ടത്. ആദ്യം മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീടാണ് മംഗലാപുരം ആര്‍സിസിയിലേക്ക് മാറ്റിയത്. ഇവിടെ നിന്നും രോഗം കലശലായതോടെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി.
കൊഴുന്തിലിലെ ചാപ്പയില്‍ കെ ദിനേശന്റെയും സ്‌നേഹലതയുടെയും മകളാണ് ദുര്‍ഗ്ഗ. കൂലിവേലക്കാരായ ഇവര്‍ക്ക് കുട്ടിയെ ചികിത്സിക്കാനായി ഉള്ളതൊക്കെ വില്‍ക്കുകയും കടം വാങ്ങേണ്ടിയും വന്നു. ഒടുവില്‍ നഗരസഭ കൗണ്‍സിലര്‍ എറുവാട്ട് മോഹനന്‍ ചെയര്‍മാനും ടി രാധാകൃഷ്ണന്‍ കണ്‍വീനറും എം മധുമാസ്റ്റര്‍ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വരികയായിരുന്നു.
നാടൊന്നാകെ ദുര്‍ഗ്ഗയുടെ ജീവന്‍ രക്ഷിക്കാനായി സഹായവുമായി മുന്നോട്ടുവന്നെങ്കിലും ഭീമമായ തുക ചെലവഴിച്ചിട്ടും ദുര്‍ഗ്ഗയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിച്ചു. 

കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലേക്ക് നൂറുക്കണക്കിനാളുകളാണ് എത്തിയത്.
ചിന്മയ വിദ്യാലയത്തില്‍ പത്താംതരം പാസ്സായ പ്രജ്വല്‍ ആണ് ദുര്‍ഗ്ഗയുടെ ഏക സഹോദരന്‍.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.