Latest News

പാകിസ്‌താന്‌ ചാമ്പ്യന്‍സ്‌ ട്രോഫി കിരീടം

ലണ്ടന്‍: കെന്നിങ്‌ടണ്‍ ഓവലിലെ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനല്‍ ഏകപക്ഷീയമായിരുന്നു. ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി റണ്ണൊഴുകും പിച്ചില്‍ പിന്തുടര്‍ന്നു ജയിക്കാമെന്ന കണക്കു കൂട്ടലില്‍ പാകിസ്‌താനെ ബാറ്റിങ്ങിനു വിട്ടതോടെ കണക്കു പിഴച്ചു.[www.malabarflash.com] 

കന്നി ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ ഫവാദ്‌ സമാനും (106 പന്തില്‍ മൂന്ന്‌ സിക്‌സറും 12 ഫോറുമടക്കം 114) അസ്‌ഹര്‍ അലി (71 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 59), മുഹമ്മദ്‌ ഹഫീസ്‌ (37 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 57) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു കരകയറാന്‍ ഇന്ത്യക്കായില്ല. 338 റണ്ണെന്ന റണ്‍ മല കയറാന്‍ തുടങ്ങിയ ഇന്ത്യക്ക്‌ ആദ്യ ഓവറില്‍ തന്നെ തിരിച്ചടി കിട്ടി.

മുഹമ്മദ്‌ ആമിര്‍ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ രോഹിത്‌ ശര്‍മ മടങ്ങി. മൂന്നു പന്തുകള്‍ മാത്രമാണു രോഹിത്‌ നേരിട്ടത്‌. ആമിറിന്റെ പുറത്തേക്കു പോയ പന്തിനു ബാറ്റ്‌ വെച്ച നായകന്‍ വിരാട്‌ കോഹ്ലി (അഞ്ച്‌) പുറത്തായതോടെ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ പുറത്തേക്കുള്ള വഴി തെരഞ്ഞു തുടങ്ങി.

ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച ഓപ്പണര്‍ ശിഖര്‍ ധവാനും നിരുത്തരവാദപരമായി പുറത്തായി. 22 പന്തില്‍ 21 റണ്ണെടുത്ത ധവാന്‍ ആമിറിന്റെ പന്തില്‍ ഇല്ലാത്ത ഷോട്ടിനു ശ്രമിച്ച്‌ നായകനും വിക്കറ്റ്‌ കീപ്പറുമായ സര്‍ഫ്രാസ്‌ അഹമ്മദിനു പിടി നല്‍കി. യുവ്രാജ്‌ സിങും മുന്‍ നായകന്‍ എം.എസ്‌. ധോണിയും ക്രീസില്‍ നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നു. യുവ്രാജും (31 പന്തില്‍ 22) ധോണിയും (16 പന്തില്‍ നാല്‌) അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. യുവിയെ ഹാദാബ്‌ ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ധോണി ഹസന്‍ അലിയുടെ പന്തില്‍ ഇമാദ്‌ വാസിമിനു പിടിനല്‍കി.

ഹാര്‍ദിക്‌ പാണ്ഡ്യ ക്രീസിലെത്തിയപ്പോഴാണ്‌ ഇന്നിങ്‌സിനു യഥാര്‍ഥത്തില്‍ ജീവന്‍ വച്ചത്‌. 43 പന്തില്‍ ആറ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 76 റണ്ണെടുത്ത പാണ്ഡ്യ രവീന്ദ്ര ജഡേജയുമായുണ്ടായ ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. തുഴഞ്ഞുനിന്ന ജഡേജയും (26 പന്തില്‍ 15) വൈകാതെ മടങ്ങി. വാലറ്റത്തെ ചുരുട്ടിക്കൂട്ടുന്ന ഔപചാരികത മാത്രമാണു ശേഷിച്ചിരുന്നത്‌. ഇന്ത്യന്‍ ബൗളര്‍മാര്‍ 25 അധിക റണ്‍ വിട്ടുകൊടുത്തപ്പോള്‍ പാക്‌ ബൗളര്‍മാര്‍ മൂന്നു റണ്‍ മാത്രമാണ്‌ ഇന്ത്യക്കു നല്‍കിയത്‌. ഇന്ത്യക്കാര്‍ 13 വൈഡുകളും മൂന്ന്‌ നോബോളുകളും എറിഞ്ഞു.

പാക്‌ ബൗളര്‍മാര്‍ ഒരു വൈഡ്‌ മാത്രമാണ്‌ ആകെ എറിഞ്ഞത്‌. 16 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുഹമ്മദ്‌ ആമിറാണ്‌ ബൗളര്‍മാരില്‍ മികച്ചു നിന്നത്‌. പാക്‌ പേസര്‍ ഹസന്‍ അലി പരമ്പരയിലെ താരമായപ്പോള്‍ ഫഖാര്‍ സമാന്‍ മത്സരത്തിലെ താരമായി. കരിയറില്‍ ആദ്യമായി ഇന്ത്യയെ നേരിടുന്ന ഫഖാര്‍ സമാന്റെ ഇന്നിങ്‌സാണ്‌ ഇന്നലെ ചരിത്രം തിരുത്തിക്കുറിച്ചത്‌. 60 പന്തുകളില്‍ അര്‍ധ സെഞ്ചുറി കടന്ന സമാന്‌ സെഞ്ചുറി തികയ്‌ക്കാന്‍ 92 പന്തുകളേ വേണ്ടി വന്നുള്ളു.

ബൗളിങ്‌ ഓപ്പണ്‍ ചെയ്‌ത ഭുവനേശ്വര്‍ കുമാറും ജസ്‌പ്രീത്‌ ബുംറയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിനും ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും നിറം മങ്ങിയതു തിരിച്ചടിച്ചു. അശ്വിന്‍ 10 ഓവറില്‍ 70 റണ്ണും ജഡേജ എട്ട്‌ ഓവറില്‍ 67 റണ്ണും വഴങ്ങി. ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 44 റണ്ണിന്‌ ഒരു വിക്കറ്റെടുത്തു. പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍ കേദാര്‍ ജാദവിനും ഹാര്‍ദിക്‌ പാണ്ഡ്യക്കും ഒരു വിക്കറ്റ്‌ വീതം കിട്ടി.

അവസാന ഓവറുകളില്‍ മുഹമ്മദ്‌ ഹഫീസിന്റെയും ഇമാദ്‌ വാസിമിന്റെയും (21 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 25) വെടിക്കെട്ടുകളും ഇന്ത്യക്കു പ്രഹരമേല്‍പ്പിച്ചു.


സ്‌കോര്‍ബോര്‍ഡ്‌:
പാകിസ്‌താന്‍ - അസ്‌ഹര്‍ അലി റണ്ണൗട്ട്‌ 59, ഫഖാര്‍ സമാന്‍ സി ജഡേജ ബി പാണ്ഡ്യ 114, ബാബര്‍ അസം സി യുവ്രാജ്‌ സിങ്‌ ബി ജാദവ്‌ 46, ഷുഐബ്‌ മാലിക്ക്‌ സി ജാദവ്‌ ബി ഭുവനേശ്വര്‍ കുമാര്‍ 12, മുഹമ്മദ്‌ ഹഫീസ്‌ നോട്ടൗട്ട്‌ 57, ഇമാദ്‌ വസിം നോട്ടൗട്ട്‌ 25. എക്‌സ്ട്രാസ്‌: 25. ആകെ (50 ഓവറില്‍) നാലിന്‌ 338. വിക്കറ്റ്‌ വീഴ്‌ച: 1-128, 2-200, 3-247, 4-267. ബൗളിങ്‌: ഭുവനേശ്വര്‍ കുമാര്‍ 10-2-44-1, ജസ്‌പ്രീത്‌ ബുംറ 9-0-68-0, ആര്‍. അശ്വിന്‍ 10-0-70-0, ഹാര്‍ദിക്‌ പാണ്ഡ്യ 10-0-53-1, രവീന്ദ്ര ജഡേജ 8-0-67-0, കേദാര്‍ ജാദവ്‌ 3-0-27-1.
ഇന്ത്യ- രോഹിത്‌ ശര്‍മ എല്‍.ബി. മുഹമ്മദ്‌ ആമിര്‍ 0, ശിഖര്‍ ധവാന്‍ സി സര്‍ഫ്രാസ്‌ അഹമ്മദ്‌ ബി ആമിര്‍ 21, വിരാട്‌ കോഹ്ലി സി ഷാദാബ്‌ ഖാന്‍ ബി ആമിര്‍ 5, യുവ്രാജ്‌ സിങ്‌ എല്‍.ബി. ഷാദാബ്‌ ഖാന്‍ 22, എം.എസ്‌. ധോണി സി ഇമാദ്‌ വാസിം ബി ഹസന്‍ അലി 4, കേദാര്‍ ജാദവ്‌ സി സര്‍ഫ്രാസ്‌ അഹമ്മദ്‌ ബി ഷാദാബ്‌ ഖാന്‍ 9, ഹാര്‍ദിക്‌ പാണ്ഡ്യ റണ്ണൗട്ട്‌ 76, രവീന്ദ്ര ജഡേജ സി ബാബര്‍ അസം ബി ജുനൈദ്‌ ഖാന്‍ 15, ആര്‍. അശ്വിന്‍ ഷാദാബ്‌ ഖാന്‍ സി സര്‍ഫ്രാസ്‌ അഹമ്മദ്‌ ബി ഹസന്‍ അലി 1, ഭുവനേശ്വര്‍ നോട്ടൗട്ട്‌ 1, ജസ്‌പ്രീത്‌ ബുംറ സി സര്‍ഫ്രാസ്‌ ബി ഹസന്‍ അലി 1. എക്‌സ്ട്രാസ്‌: 3. ആകെ (30.3 ഓവറില്‍) 158 ന്‌ ഓള്‍ഔട്ട്‌. വിക്കറ്റ്‌വീഴ്‌ച: 1-0, 2-6, 3-33, 4-54, 5-54, 6-72, 7-152, 8-156, 9-156, 10-158. ബൗളിങ്‌: മുഹമ്മദ്‌ ആമിര്‍ 6-2-16-3, ജുനൈദ്‌ ഖാന്‍ 6-1-20-1, മുഹമ്മദ്‌ ഹഫീസ്‌ 1-0-13-0, ഹസന്‍ അലി 6.3-1-19-3, ഷാബാദ്‌ ഖാന്‍ 7-0-60-2, ഇമാദ്‌ വാസിം 0.3-0-3-0, ഫഖാര്‍ സമന്‍ 3.3-025-0.Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.