Latest News

മടക്ക ടിക്കറ്റ്​ നൽകാതെ ട്രാവൽസ്​ ഉടമ മുങ്ങിയ സംഭവം: 23 തീർഥാടകർ ടിക്കറ്റിന്​ പണമടച്ചു

ജിദ്ദ: മലയാളി ഉംറ തീർഥാടകരെ പെരുവഴിയിലാക്കി ട്രവൽസ്​ ഉടമ മുങ്ങിയ സംഭവത്തിൽ 23 പേർ സ്വന്തം നിലയിൽ ടിക്കറ്റിന്​ പണമടച്ചു. കാശില്ലാത്തതിനാൽ രണ്ടു പേരുടെ തിരിച്ചുപോക്ക്​ അനിശ്​ചിതമായി നീളുകയാണ്​. 23 പേരുടെ ടിക്കറ്റ്​ രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന്​ തീർഥാടക സംഘത്തിലെ ഉമർഖാൻ പറഞ്ഞു.[www.malabarflash.com]

പട്ടാമ്പി സ്വദേശികളായ ദമ്പതികളാണ്​ പണമില്ലാത്തതിനാൽ ടിക്കറ്റില്ലാതെ വിഷമിക്കുന്നത്​. മുങ്ങിയ ട്രാവൽസ്​ ഉടമയെ കുറിച്ച്​ വിവരമില്ല. 38 അംഗങ്ങളുള്ള തീർഥാടക സംഘമാണ്​ ട്രാവൽസ്​ ഉടമയുടെ വഞ്ചനയിൽ പെരുവഴിയിലായത്​.

മലപ്പുറം വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറ നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകർ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് നൽകിയിരുന്നില്ല. ട്രാവല്‍സ് ഉടമ മുനീര്‍ തങ്ങള്‍ സ്ഥാപനം അടച്ചുപൂട്ടി മുങ്ങി എന്നാണ്​ തീർഥാടകരുടെ പരാതി.

അദ്ദേഹത്തി​ന്റെ പിതാവ്​ എത്തിയാണ്​ സംഘത്തി​ന്റെ ഹോട്ടൽ വാടക- ഭക്ഷണചെലവുകൾ ഏറ്റെടുത്തത്​. തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടത്തി​​ന്റെ വാടകയും ഭക്ഷണം വിതരണം ചെയ്ത വകയില്‍ 13 ലക്ഷം രൂപ കിട്ടാത്തതിനാല്‍ കെട്ടിട ഉടമ തീര്‍ഥാടകരുടെ പാസ്പോര്‍ട്ട് പിടിച്ചു വെച്ചിരുന്നു. ഒത്തു തീർപ്പിനെ തുടർന്ന്​ പാസ്​പോർട്ട്​ എല്ലാവർക്കും തിരിച്ചുകിട്ടി. 1350 റിയാൽ വീതമടച്ചാണ്​ 23 പേർ ടിക്കറ്റിന്​ കാത്തിരിക്കുന്നത്​. 38 തീർഥാടകരിൽ അഞ്ച്​ പേർ ബുധനാഴ്​ച നാട്ടിലേക്ക്​ തിരിച്ചു. എഴ്​ പേർ 25ാം തിയതി നാട്ടിലേക്ക്​ തിരിച്ചു. ഇവരെല്ലാം സ്വന്തം ചെലവിലാണ്​ പോയത്​.

വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ജൂണ്‍ രണ്ടിനാണ് ഇവർ ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്. ഇതില്‍ 15 പേര്‍ ഈമാസം 19-ന്​ നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു.മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.

60000 മുതല്‍ തൊണ്ണൂറായിരം രൂപ വരെ നൽകിയാണ്​ പലരും ഉംറക്ക്​ വന്നത്​. ജൂലൈ രണ്ടുവരെയാണ് ഇവരുടെ വിസാ കാലാവധി. മലപ്പുറം, പാലക്കാട്​,വയനാട്​ ജില്ലകളിൽ നിന്നുള്ളവരാണ്​ തീർഥാടകർ.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.