Latest News

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.[www.malabarflash.com] 

പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ ഉദ്ഘാടനയാത്ര നടത്തിയ ശേഷം കലൂരെ വേദിയില്‍ വെച്ചാണ് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചത്.

മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൊച്ചി മെട്രോയ്ക്കായി 2000 കോടി രൂപയില്‍ അധികം കേന്ദ്രം അനുവദിച്ചു. കൊച്ചി മെട്രോയ്ക്കായുള്ള പകുതി കേരളവും പകുതി കേന്ദ്രവുമാണ് വഹിച്ചത്.

ഭാവി ലക്ഷ്യം വെച്ചുള്ള വികസനം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും. മേക്ക് ഇന്‍ ഇന്ത്യ കാഴ്ചപ്പാടാണ് മെട്രോ കോച്ചുകളില്‍ പ്രതിഫലിക്കുന്നത്. കോച്ച് ഉണ്ടാക്കാനുള്ള 70 ശതമാനം വസ്തുക്കളും ചെന്നൈയിലാണ് നിര്‍മിച്ചത്. മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ജീവനക്കാരായി തിരഞ്ഞെടുത്തതും മലിനീകരണം കുറഞ്ഞ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കിയതിനെയും അദ്ദേഹം എടുത്തുകാട്ടി.

രാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മലയാളത്തില്‍ അഭിസംബോധന ചെയ്താണ് വെങ്കയ്യ നായിഡുവും പ്രസംഗം ആരംഭിച്ചത്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് ആഘാതം വരുന്നതിനാലാണ് ആറന്‍മുള വിമാനത്താവളത്തിന് സംസ്ഥാനസര്‍ക്കാര്‍ എതിരുനിന്നത്. വികസനത്തോടൊപ്പം പരിസ്ഥിതിക്കും കേരള സര്‍ക്കാര്‍ പ്രധാന്യം കല്‍പ്പിക്കുന്നു. കേന്ദ്രസര്‍ക്കാരിനോടും, ഡിഎംആര്‍സിയോടും, പ്രത്യേകിച്ച് ഇ. ശ്രീധരനോടും നന്ദി രേഖപ്പെടുത്തിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

സ്വാഗതപ്രസംഗത്തില്‍ കെഎംആര്‍എല്‍ എംഡി ഇ. ശ്രീധരന്റെ പേരുപറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് വലിയ ആരവമാണ് ഉയര്‍ന്നത്. കരഘോഷം മിനിട്ടുകളോളം നീണ്ടുനിന്നു.

പാലാരിവട്ടം സ്റ്റേഷനില്‍ നാട മുറിച്ച് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, പത്തടിപ്പാലം വരെ കന്നിയാത്ര നടത്തി.

പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെഎംആര്‍എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കെവി തോമസ് എംപി എന്നിവര്‍ വേദി പങ്കിട്ടു.

സംസ്‌കൃതത്തിലുള്ള പ്രാര്‍ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് സ്വാഗതം പറഞ്ഞു.

പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന യാത്രയില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെഎംആര്‍എല്‍ മുഖ്യോപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.
സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, സി.പി.രാധാകൃഷ്ണന്‍, എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന കമ്മറ്റി മുന്‍ അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വ്യോമസേന താവളത്തില്‍ എത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.