Latest News

വൃക്ക വിറ്റ് മക്കളുടെ പഠനം നടത്താനൊരുങ്ങിയ അമ്മയ്ക്ക് തളിപ്പറമ്പിലെ കുട്ടികളുടെ വക 2 ലക്ഷം രൂപ

തളിപ്പറമ്പ് : വൃക്കവിറ്റ് മക്കളുടെ സ്‌കൂള്‍ ഫീസിന് പണമുണ്ടാക്കാന്‍ നിര്‍ബന്ധിതയായ ഉത്തര്‍പ്രദേശിലെ ആരതി ശര്‍മ്മയുടെ മകനും മൂന്ന് പെണ്‍മക്കള്‍ക്കുമിനി ധൈര്യമായി പഠിക്കാം.ഫീസ് അടച്ചില്ലെന്ന പേരില്‍ അവരെ ക്ലാസില്‍നിന്ന് പുറത്താക്കില്ല.[www.malabarflash.com] 

വൃക്കവിറ്റ് മക്കളുടെ സ്‌കൂള്‍ ഫീസിന് പണമുണ്ടാക്കാന്‍ നിര്‍ബന്ധിതയായ ഉത്തര്‍പ്രദേശിലെ ആരതി ശര്‍മ്മയുടെ മകനും മൂന്ന് പെണ്‍മക്കള്‍ക്കും മുടങ്ങാതെ പഠിക്കാന്‍ സ്‌കളുകളില്‍ സ്ഥാപിച്ച കാരുണ്യപ്പെട്ടിയിലൂടെ സ്വരൂപിച്ച നിധിയാണ് ഇനി അവരുടെ പിന്‍ബലം. 

തളിപ്പറമ്പ് മണ്ഡലത്തിലെ 115 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കാരുണ്യപ്പെട്ടിയിലൂടെ ആദ്യഘട്ടമായി സമാഹരിച്ച 203651രൂപ ജെയിംസ് മാത്യു എംഎല്‍എ ഏറ്റുവാങ്ങി. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാരൂണ്യനിധിയിലൂടെ രണ്ടുദിവസത്തിനകമാണ് തുക സ്വരൂപിച്ചത്. സിനിമ- സിരിയല്‍ ബാലനടി കുമാരി നിരജ്ഞന നിധിയിലേക്ക് സ്വന്തം കമ്മലുകള്‍ ഊരി എംഎല്‍എയെ ഏല്‍പ്പിച്ചു.

ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരില്‍ നിന്നാണ് ജെയിംസ് മാത്യു എംഎല്‍എ കാരുണ്യസഹായം ഏറ്റുവാങ്ങിയത്. 

മൂത്തേടത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച 13236 രൂപ പ്രത്യേക ചടങ്ങായാണ് എംഎല്‍എയെ ഏല്‍പ്പിച്ചത്. പരിപാടി ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം വി വിജയകുമാര്‍ അധ്യക്ഷനായി. തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജെ മാത്യു, എ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് ചെയര്‍മാന്‍ സി ജീജ, കുറുമാത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് ചെയര്‍മാന്‍ കാനായി രാജന്‍, കെ പ്രസന്ന, വി രമ, സി ശ്രീനിവാസന്‍, ടി കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എഇഒ കെ ജനാര്‍ദ്ദനന്‍ സ്വാഗതവും എസ് പി രമേശന്‍ നന്ദിയും പറഞ്ഞു. 

മീററ്റിനടുത്ത റോട്ട ഇക്കോ കോളനിയിലെ വീട്ടമ്മയായ ആരതി ശര്‍മ്മയുടെ നാല് മക്കളുടെ പഠനത്തിന് മണ്ഡലത്തിലെ 115 സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ ശേഖരിച്ച തുക കൈമാറിയത്. ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലൂടെ തുക ആരതി ശര്‍മ്മയുടെ കുടുംബത്തിന് എത്തിക്കും. 

ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും പശുവിനുള്ള പരിഗണനപോലും ആരതി ശര്‍മ്മയുടെ കുടുംബത്തിനില്ലെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും പ്രാദേശിക ഭരണസമിതികളുടെയും നിലപാടിനുള്ള മധുരമായ പ്രതികാരം കൂടിയാണ് വിദ്യാര്‍ഥി സമൂഹം സമാഹരിച്ച ഈ സഹായം. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷാണ് ബുധനാഴ്ച കുറ്റ്യേരി ഗവ ഹൈസ്‌കൂളില്‍ കാരുണ്യധനസമാഹരണത്തിന് തുടക്കം കുറിച്ചത്. വിദ്യാര്‍ഥികള്‍ സ്വരൂപിക്കുന്ന സഹായം ആരതിശര്‍മ്മയുടെ മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാനും മറ്റുവിദ്യഭ്യാസചെലവുകളും നല്‍കാനുമായി രണ്ടുപേര്‍ മൂന്ന് ദിവസത്തിനകം ഉത്തര്‍പ്രദേശിലേക്ക് പുറപ്പെടും.

പഠിക്കാന്‍ മിടുമിടുക്കരായ ആരതിയുടെ മൂന്ന് പെണ്‍മക്കളും മകനും ഐഎഎസ് മോഹമുപേക്ഷിച്ച് ഫീസ് നല്‍കാനില്ലാതെ സ്‌കൂളില്‍നിന്ന് പുറത്താകുമെന്ന ഘട്ടത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ആരതി വൃക്ക വില്‍പ്പന പരസ്യം നല്‍കിയത്. ഭര്‍ത്താവ് മനോജ് ശര്‍മ്മയുടെ റെഡിമെയ്ഡ് ബിസിനസ് കറന്‍സി നിരോധനത്തെതുടര്‍ന്ന് തകര്‍ന്നതാണ് ഈ കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്. 

ഇടുങ്ങിയ ഒറ്റമുറിവാടകവീട്ടില്‍ താമസിക്കുന്ന കുുടുംബത്തില്‍ അവശേഷിച്ച പാചക വാതകസിലിണ്ടര്‍ ഏപ്രില്‍ 29ന് ലക്‌നൗവില്‍ മുഖ്യമന്ത്രി ആതിഥ്യനാഥിനെ കാണുന്നതിനുള്ള യാത്രക്കായി വില്‍ക്കേണ്ടി വന്നു. സഹായിക്കാമെന്ന ഉറപ്പും പ്രാദേശിക ഭരണാധികാരികളുടെ പരിഹാസവുമല്ലാതെ മറ്റൊന്നുമുണ്ടായില്ല. 

പരസ്യം ദേശിയമാധ്യമങ്ങളുടെ ചൂടേറിയ വാര്‍ത്തയായതോടെ പരുങ്ങലിലായ സര്‍ക്കാര്‍ രണ്ടുദ്യോഗസ്ഥരെ ആരതി ശര്‍മ്മയുടെ വിട്ടിലേക്കയച്ച് ചെക്ക് നല്‍കുന്ന ഫോട്ടോയെടുത്തു. തുടര്‍ന്ന് ആരതി ശര്‍മ്മയില്‍നിന്ന് ചെക്ക് തിരിച്ചുവാങ്ങി അവര്‍ സ്ഥലം വിട്ടു. 

ഇതിനിടയിലാണ് ന്യൂസ് 18 ചാനലിലൂടെ വാര്‍ത്ത കണ്ട ജെയിംസ് മാത്യു എംഎല്‍ എ കുട്ടികളെ കേരളത്തിലെ താമസമടക്കമുള്ള പഠനമോ ഉത്തര്‍പ്രദേശിലാണെങ്കില്‍ മുഴുവന്‍ പഠനചെലവും ഏറ്റെടുക്കാമെന്ന ഉറപ്പ് നല്‍കിയത്. എംഎല്‍എ ഇക്കാര്യം മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പരിസ്ഥിതി കൂട്ടായ്മയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സൂളുകളിലെ കാരുണ്യപ്പെട്ടിയിലൂടെ ധനസമാഹരണത്തിന് വഴിയൊരുങ്ങിയത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.