Latest News

നഗരഹൃദയത്തില്‍ പച്ചവിരിച്ച് എ ആര്‍ ബാബുവിന്റെ ചേനകൃഷി

നീലേശ്വരം: വ്യത്യസ്തമായ കൃഷിരീതികളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറും മാധ്യമ പ്രവര്‍ത്തകനുമായ ഏ ആര്‍ ബാബു ചേനകൃഷിയുടെ പരീക്ഷണത്തിലാണിപ്പോള്‍.[www.malabarflash.com]

നീലേശ്വരം മെയിന്‍ബസാറിലെ തന്റെ സ്റ്റുഡിയോക്ക് സമീപത്തെ 20 സെന്റോളം വരുന്ന തരിശുഭൂമിയില്‍ പച്ചവിരിച്ച് കിടക്കുന്ന ബാബുവിന്റെ ചേനകൃഷി യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.

ചെറുപ്പം മുതല്‍ തന്നെ കൃഷിയോട് ഏറെ മമത പുലര്‍ത്തിയിരുന്ന ബാബു മാലോം പറമ്പ സ്വദേശിയാണ്. കൂട്ടുകുടുംബ കാലത്ത് തറവാട്ടുമുറ്റത്ത് കാരണവന്മാര്‍ നടത്തുന്ന കൃഷി കണ്ട് വളര്‍ന്നതാണ് ബാബുവിന്റെ മനസിലും കാര്‍ഷിക സമൃദ്ധി നിറഞ്ഞത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോട്ടോഗ്രാഫറായി നീലേശ്വരത്തെത്തിയ ഇദ്ദേഹം മെയിന്‍ ബസാറില്‍ വസന്ത സ്റ്റുഡിയോ എന്ന സ്ഥാപനം നടത്താന്‍ തുടങ്ങിയതോടെ സ്റ്റുഡിയോയും പരിസരവും തന്റെ കൃഷിയിടമാക്കി മാറ്റി. സമീപത്തെ വ്യാപാരികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നല്‍കിയ പിന്തുണ കൂടി ആയതോടെ കൃഷി വിപുലമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബാബുവിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘടന ജൈവകൂട്ടുകൃഷി ഇറക്കിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ ഈ ജൈവപച്ചക്കറി തോട്ടം സന്ദര്‍ശിക്കാനെത്തിയിരുന്നു. മറ്റു കൃഷികളെ അപേക്ഷിച്ച് ചേനകൃഷിക്ക് ചിലവ് കുറവാണെന്നതിനാലും മാര്‍ക്കറ്റ് വില ഉയരുന്നതുവരെ സൂക്ഷിച്ചുവെക്കാന്‍ കഴിയും എന്നതുകൊണ്ടുമാണ് ഇക്കുറി ചേനകൃഷിയിലേക്ക് തിരിഞ്ഞത്. 

കഴിഞ്ഞ സീസണില്‍ കിലോക്ക് 60 രൂപ വരെ വില ഉയര്‍ന്നിരുന്നു. സാധാരണ നിലയില്‍ 40 രൂപ വരെയാണ് ഏറ്റവും കുറഞ്ഞു കിട്ടുക. മലയോര മേഖലകളില്‍ വ്യാപകമായിട്ടുള്ള ചേനകൃഷിയെ നഗരങ്ങളിലേക്കും പറിച്ചു നടുക എന്ന ലക്ഷ്യവും ഈ ഉദ്യമത്തിന് പിന്നിലുണ്ട്. ചേനകൃഷിക്ക് പുറമെ 40 സെന്റ് ഭൂമിയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷിയുമുണ്ട്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.