Latest News

ആതിരയുടെ തിരോധാനം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കൂട്ടുകാരി ട്രെയിന്‍ യാത്രക്കിടയില്‍ അപ്രത്യക്ഷയായി

ഉദുമ: കരിപ്പോടി കണിയംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ (23) കാണാതായ സംഭവത്തില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ച കൂട്ടുകാരിയെ കാണാതായി. ഇരിട്ടി സ്വദേശിനിയും കോഴിക്കോട്ട് ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയുമായ അനീസയെയാണ് കാണാതായത്.[www.malabarflash.com]

നേരത്തേ ഉദുമയില്‍ കുടുംബത്തോടൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന അനീസ പ്ലസ് ടു വരെ പഠിച്ചത് ഇവിടെയാണ്. അന്നുമുതല്‍ ആതിരയും അനീസയും തമ്മില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. അനീസ മുഖേനയാണ് ആതിര വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പത്.

ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വരാനായി അനീസ കോഴിക്കോട് നിന്നും ട്രെയിന്‍ കയറിയതായി വിവരമുണ്ട്. എന്നാല്‍ ഇവര്‍ സ്റ്റേഷനിലേക്ക് എത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അനീസയെ കണ്ടെത്താനായി ബേക്കല്‍ പോലീസ് ഇരിട്ടി, കോഴിക്കോട് ഭാഗങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്.

ആതിരയുടെ കൂടെ പഠിച്ചിരുന്ന മറ്റു കുട്ടികളില്‍ നിന്നും പോലീസ് മൊഴി ശേഖരിച്ചുവെങ്കിലും കേസുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ലഭ്യമായില്ല. ഈ മാസം 10നാണ് ആതിര കത്തെഴുതിവെച്ച് വീട്ടില്‍ നിന്നും ഇറങ്ങിയത്. പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആതിരയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍സെല്‍ മുഖേന പരിശോധിച്ചപ്പോള്‍ വളപട്ടണം വരെ എത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 

ഇതിനുശേഷം ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. വളപട്ടണത്തു നിന്നും ആതിരയെ മറ്റാരോ കൂട്ടിക്കൊണ്ടുപോയി എന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
മതപഠത്തനത്തിന് പോകുന്നു എന്ന് കത്തെഴുതിവെച്ചാണ് ആതിര വീടുവിട്ടത്. അതുകൊണ്ടുതന്നെ അനീസക്ക് ഈ തിരോധാനവുമായി അടുത്ത ബന്ധമുണ്ടെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. 

മതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആതിരയെ സഹായിച്ചതും പുസ്തകങ്ങള്‍ നല്‍കിയതും അനീസയാണെന്ന് കരുതുന്നു. മൊഴിയെടുക്കാനായി വിളിപ്പിച്ച അനീസയെ കൂടി കാണാതായതോടെ പോലീസിന്റെ കേസന്വേഷണം ആശങ്കയിലായിരിക്കുകയാണ്.

ഇതിനിടയില്‍ ആതിരയെ കണ്ടെത്താനായി കോഴിക്കോട്, മട്ടാഞ്ചേരി, ഇരിട്ടി, മഞ്ചേശ്വരം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കുകയും കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനിലേക്കും കൈമാറുകയും പ്രധാന കേന്ദ്രങ്ങളില്‍ പതിക്കുകയും ചെയ്തുവെങ്കിലും യാതൊരു തുമ്പും ലഭിക്കാത്തതിനാലാണ് സഹപാഠികളില്‍ നിന്നും മൊഴിയെടുക്കുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.