Latest News

ആതിരയെ ഹൈക്കോടതി വീട്ടുകാരോടൊപ്പം വിട്ടു; ആയിഷയായി സ്വന്തം വീട്ടില്‍ കഴിയാം

കൊച്ചി: വീട് വിട്ട് മതം മാറി ആയിഷയായ ഉദുമ കരിപ്പോടി കണിയാംമ്പാടിയിലെ ആതിര (23)യെ കേരള ഹൈക്കോടതി രക്ഷിതാക്കളോടൊപ്പം വിട്ടു. എന്നാല്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിനിയായ ആതിരക്ക് ആയിഷയായി സ്വന്തം വീട്ടില്‍ കഴിയാനുള്ള സാഹചര്യമൊരുക്കാന്‍ തയ്യാറാണെന്ന മാതാപിതാക്കളുടെ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.[www.malabarflash.com]

ഇരുപത് ദിവസം മുമ്പ് അത്യന്തം നാടകീയമായി വീട് വിട്ട ആതിര കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിരുന്നു. ബേക്കല്‍ പോലീസ് ആതിരയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ഹാജരാക്കുകയും കോടതി ആതിരയെ സ്വന്തം ഇഷ്ടത്തിന് വിട്ടയക്കുകയും ചെയ്തിരുന്നു.
കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാത്രിയായതിനാല്‍ കാസര്‍കോട് പരവനടുക്കത്തെ മഹിളാ മന്ദിരത്തില്‍ രാത്രി താമസിച്ച ശേഷം രാവിലെ 10ന് ആതിരക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാമെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ഇതിനിടെ ആതിരയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് ആശ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ മഹിളാ മന്ദിരത്തില്‍ തന്നെ തുടരാന്‍ ആതിരയോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് ആതിരയെ പോലീസ് കേരളഹൈക്കോടതി മുമ്പാകെ ഹാജരാക്കിയത്. മാതാപിതാക്കളും മറ്റ് ബന്ധുക്കളും രാവിലെ തന്നെ ഹൈക്കോടതിയിലെത്തിയിരുന്നു.
ഇതിനിടെ ആതിരയെ കാണാനും സംസാരിക്കാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹൈക്കോടതി വളപ്പില്‍ തമ്പടിച്ചത് ചില അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ആതിരയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ഹൈക്കോടതി ആതിര തിരോധാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്രിമിനല്‍ പാശ്ചാത്തലം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. 

ചെറുപ്പം മുതലേ ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായെന്നും മതം മാറി ആയിഷയെന്ന പേര് സ്വീകരിച്ചിട്ടുണ്ടെന്നും ആതിര ഹൈക്കോടതിയെ ധരിപ്പിച്ചു. ആയിഷയായി ജീവിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കുകയാണെങ്കില്‍ രക്ഷിതാക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ സമ്മതമാണെന്നും യുവതി ബോധിപ്പിച്ചു.
തുടര്‍ന്ന് കോടതി ആതിരയുടെ പിതാവ് രവീന്ദ്രനില്‍ നിന്നും മാതാവ് ആശയില്‍ നിന്നും മൊഴിയെടുത്തു. മകള്‍ക്ക് എല്ലാ സ്വാതന്ത്ര്യത്തോടെയും വീട്ടില്‍ കഴിയാനുള്ള അവകാശം ഉറപ്പുവരുത്താമെന്നും മാതാപിതാക്കള്‍ കോടതിക്ക് ഉറപ്പ് കൊടുത്തതോടെ ആതിരയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുന്നതായി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് ആതിര രക്ഷിതാക്കളോടൊപ്പം പോകാന്‍ തയ്യാറാവുകയും ചെയ്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വൈകുന്നേരത്തോടെ ശക്തമായ പോലീസ് സുരക്ഷയോടെ ഉദുമ കണിയാമ്പാടിയിലെ വസതിയിലേക്ക് തിരിക്കും.


Monetize your website traffic with yX Media

 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.