Latest News

ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരാകും

ഉദുമ: കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. എന്നാല്‍ കീഴടങ്ങുന്നതിന് മുമ്പേ അറസ്റ്റ് ചെയ്യാന്‍ ബേക്കല്‍ പോലീസ് എറണാകുളത്തെത്തി.[www.malabarflash.com] 

ഈ മാസം 10നാണ് ആതിര വീടുവിട്ടിറങ്ങിയത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആതിരയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് യുവതി ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന ലഭിച്ചത്.

ആതിരയുടെ തിരോധാനത്തിന് പിന്നില്‍ കണ്ണൂര്‍ ചാലാടിനടുത്ത പഞ്ഞിക്കല്‍ സ്വദേശിയായ യുവാവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആതിരയും ഇയാളും തമ്മിലുള്ള മാസങ്ങളായുള്ള മൊബൈല്‍ഫോണ്‍ ബന്ധത്തിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

ആതിര അപ്രത്യക്ഷയായിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും യുവതി എവിടെയാണെന്ന സൂചന പോലും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.
ഇതിനിടയില്‍ തിരോധാനവുമായി ബന്ധപ്പെട്ട് മുങ്ങിയ കൂത്തുപറമ്പ് സ്വദേശിനിയായ അനീസയുടെ ബന്ധുക്കളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഇവരുടെ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആതിര ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നാണ് സൂചന. ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് എറണാകുളത്തെ ഒരു അഭിഭാഷകന്‍ അന്വേഷണ സംഘത്തെ അറിയിച്ചതായി വിവരമുണ്ട്. 

ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഇരിട്ടി യുവാക്കളെ കേസന്വേഷിക്കുന്ന ബേക്കല്‍ സിഐ വി കെ വിശ്വംഭരന്‍ ചോദ്യം ചെയ്തുവരുന്നു.
ആതിരയെ കടത്തിക്കൊണ്ടുപോയി എന്ന് പോലീസ് ഉറപ്പിച്ച ചാലാട് പഞ്ഞിക്കല്‍ യുവാവിന്റെ അയല്‍വാസിയെയും അന്വേഷണ സംഘം നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

യുവാവിന്റേതെന്ന് സംശയിക്കുന്ന ഒരു വാഹനം പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാളുമായി ആതിരക്ക് അടുപ്പമുണ്ടായിരുന്നുവെന്നും യുവതിയെ കാണാന്‍ ഇയാള്‍ കണ്ണൂരില്‍ നിന്നും ഉദുമയില്‍ എത്താറുണ്ടായിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. 

ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ആതിരയെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘം ശ്രമം നടത്തുന്നത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.