Latest News

കാര്‍ കവര്‍ച്ചാ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലില്‍ പിടികൂടി

കാഞ്ഞങ്ങാട്: മോഷ്ടിച്ച വാഹനവുമായി വടകരയില്‍ നിന്ന് കടന്ന കവര്‍ച്ചാ സംഘത്തെ ഹൊസ്ദുര്‍ഗ് പോലീസ് ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് കടപ്പുറം തീരദേശ റോഡില്‍ സിനിമാസ്റ്റൈലില്‍ പിടികൂടി.[www.malabarflash.com] 

വടകരമുക്ക് സ്വദേശി ഷംസീര്‍ (20), കൊളവയല്‍ ഇട്ടമ്മലിലെ നൗഷാദ് (20), കുശാല്‍നഗറിലെ സക്കറിയ (18) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം മാണിക്കോത്തെ ദീപം മോട്ടോര്‍സില്‍ നിന്ന് വാഗണറും മഡിയനിലെ ജീവന്‍ മോട്ടോര്‍സില്‍ നിന്ന് സ്‌കോര്‍പിയും കവര്‍ന്ന സംഘത്തെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. 

വാഹന കവര്‍ച്ചക്കിടെ ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മോഷ്ടിച്ച വാഗണര്‍ കാര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മഡിയനില്‍ ഉപേക്ഷിച്ച ശേഷം രാത്രിയോടെ വടകരയില്‍ നിന്ന് മറ്റൊരു ഇന്നോവ കാര്‍ മോഷ്ടിച്ചാണ് മൂന്നംഗസംഘം കാഞ്ഞങ്ങാട് ഭാഗത്തേക്ക് പുറപ്പെട്ടത്. 

മോഷ്ടിച്ച ഇന്നോവയുമായി കവര്‍ച്ചക്കാര്‍ സഞ്ചരിക്കുന്ന വിവരം ലഭിച്ച ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെ ദേശീയപാതയില്‍ കാത്തു നിന്നു. പോലീസ് നീക്കം മണത്തറിഞ്ഞ കവര്‍ച്ചക്കാര്‍ വാഹനം തീരദേശ പാതയിലൂടെ തിരിച്ചുവിട്ടു. 
തൊട്ടുപിറകെ പോലീസ് ജീപ്പും തീരദേശ പാതയിലെത്തി. 

ഇന്നോവയെ മണിക്കൂറുകളോളം പോലീസ് വാഹനങ്ങള്‍ പിന്തുടരുകയും ഒരു ജീപ്പ് മറികടക്കുകയും ചെയ്‌തോടെ ഇന്നോവ കാര്‍ കെഎല്‍ 01 ബി ഡബ്ല്യു 6219 നമ്പര്‍ പോലീസ് ജീപ്പിലും ഹൊസ്ദുര്‍ഗ് കടപ്പുറത്തെ എം ഇബ്രാഹിമിന്റെ വീട്ടു മതിലിനും തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനും ഇടിച്ചു നിന്നു. 

വാഹനത്തില്‍ നിന്നും കവര്‍ച്ചാസംഘം കടന്നുകളഞ്ഞുവെങ്കിലും സംഘത്തിലെ ഷംസീറിനെ അപ്പോള്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കി. രക്ഷപ്പെട്ട മറ്റ് രണ്ട് കവര്‍ച്ചക്കാരെ ആവിയില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടെ ഉച്ചയോടെ പോലീസ് പിടികൂടുകയും ചെയ്തു. 

വടകരയില്‍ നിന്ന് കെ എ 20 സി- 4897 നമ്പര്‍ ഇന്നോവയാണ് സംഘം മോഷ്ടിച്ചത്. ഈ വാഹനത്തില്‍ കൊടുവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാരകായുധങ്ങള്‍ ഫോറന്‍സിക്-വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.