Latest News

സാമ്പത്തിക പ്രയാസം മൂലം കാളകളെ കിട്ടാതെ കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലം ഉഴുതു

മധ്യപ്രദേശ്: കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും കൃഷിനാശവും മൂലം ജനങ്ങള്‍ പ്രക്ഷോഭ രംഗത്തുള്ള മധ്യപ്രദേശില്‍നിന്ന് കാര്‍ഷിക രംഗത്തെ ദുരിതങ്ങള്‍ വ്യക്തമാക്കുന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു.[www.malabarflash.com] 

സാമ്പത്തിക പ്രയാസങ്ങള്‍ മൂലം കൃഷിക്കായി നിലമുഴുന്നതിന് കാളകളെ കിട്ടാതെ കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതുന്നതിന്റെ ദയനീയ ചിത്രമാണ് ഇതില്‍ ഏറ്റവും പുതിയത്.

സെഹോറിലെ ബസന്ത്പുര്‍ പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ കാഹ്‌ലയാണ് തന്റെ രണ്ട് പെണ്‍മക്കളെക്കൊണ്ട് നിലം ഉഴുവിച്ചത്. അദ്ദേഹത്തിന്റെ മക്കളായ രാധിക (14), കുന്തി (11) എന്നിവര്‍ നുകം വലിക്കുന്നതിന്റെയും അച്ഛന്‍ സര്‍ദാര്‍ കാഹ്‌ല നിലമുഴുന്നതിന്റെയും ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു.

കാര്‍ഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഇതു വേണ്ടിവന്നതെന്ന് സര്‍ദാര്‍ കാഹ്‌ല പറയുന്നു. ദാരിദ്ര്യം മൂലമാണ് രണ്ട് കുട്ടികളും പഠനം നിര്‍ത്തേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സര്‍ദാര്‍ കാഹ്‌ലയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇത്തരം ജോലികള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കരുതെന്ന് സര്‍ദാര്‍ കാഹ്‌ലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൃഷിനാശവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും മൂലം മധ്യപ്രദേശില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മന്ദ്‌സൗറില്‍ വലിയ കര്‍ഷ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ ആറ്കര്‍ഷകര്‍ കൊല്ലപ്പെട്ടു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.