Latest News

കുളിപ്പിക്കുന്നതിനിടെ മാതാവിന്റെ കൈയില്‍നിന്ന് കിണറില്‍ വീണ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചു

കൂത്തുപറമ്പ്: കുളിപ്പിക്കുന്നതിനിടെ മാതാവിന്റെ കൈയില്‍നിന്ന് അബദ്ധത്തില്‍ കിണറിലേക്ക് തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് രക്ഷിച്ചു.[www.malabarflash.com]

ഒന്‍പതുമാസം പ്രായമുള്ള അഫാസാണ് കിണറില്‍ വീണത്. സമീപവാസികളായ ഷഫീര്‍, മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മമ്പറം പറമ്പായി കുഴിയില്‍പീടികയില്‍ ഷക്കീന മന്‍സിലില്‍ റയ്‌സലിന്റെയും സറീനയുടെയും മകനാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. ഇടതുകൈയില്‍ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് കുനിഞ്ഞിരുന്ന് വലതുകൈകൊണ്ട് സോപ്പെടുക്കുമ്പോള്‍ മാതാവിന്റെ കൈയില്‍നിന്ന് വഴുതി കിണറില്‍ വീഴുകയായിരുന്നു. 

18 കോല്‍ ആഴമുള്ള കിണറില്‍ ഏഴുകോലോളം വെള്ളമുണ്ടായിരുന്നു. സമീപത്തെ പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന ഷഫീറും മുഹമ്മദും സറീനയുടെ കരച്ചില്‍കേട്ട് ഓടിയെത്തി. സംഭവമറിഞ്ഞ് ഇവര്‍ കിണറിലേക്ക് എടുത്തുചാടി. വെള്ളത്തിലേക്ക് താണുപോകുകയായിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ കൈക്ക് പരിക്കേറ്റ ഇരുവരെയും കൂത്തുപറമ്പ് അഗ്നിരക്ഷാസേനയിലെ ലീഡിങ് ഫയര്‍മാന്‍ കെ.കെ.ദിലീഷും സംഘവും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. ശ്രീകാന്ത് പവിത്രന്‍, കെ.ശിവപ്രസാദ്, രാഗേഷ് തോട്ടത്തി, കെ.ടി.സുകുമാരന്‍, ടി.വി.സനേഷ് കുമാര്‍, പി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

സ്വജീവന്‍ അവഗണിച്ചും കുഞ്ഞിനെ രക്ഷിച്ച ഷഫീറിനെയും മുഹമ്മദിനെയും നാട്ടുകാര്‍ അഭിനന്ദിച്ചു. പരിക്കേറ്റ കുഞ്ഞിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.