Latest News

കരിപ്പൂരില്‍ രണ്ടുകോടിയുടെ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി അനധികൃമായി കടത്താന്‍ ശ്രമിച്ച രണ്ടുകോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തു.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടുവണ്ണൂര്‍ ചെറിയപറമ്പില്‍ മുഹമ്മദ് കോയ (55), കോഴിക്കോട് ആവിലോറ പടുപാലത്തിങ്ങല്‍ അബ്ദുള്‍റഹീം (40), എന്നിവരെ റവന്യു ഇന്റലിജന്‍സ് അധികൃതര്‍ അറസ്റ്റ്‌ചെയ്തു.

ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ബഹ്‌റൈനില്‍നിന്ന് മസ്‌കറ്റ് വഴിയാണ് ഇവര്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.

വാതിലിന്റെ പൂട്ടുകള്‍, പിടികള്‍, മറ്റു യന്ത്രഭാഗങ്ങള്‍ എന്നിവയില്‍ ഒളിപ്പിച്ചുവെച്ചാണ് മുഹമ്മദ് കോയ സ്വര്‍ണം കടത്തിയത്. 3.728 കിലോ സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ 1.09 കോടിരൂപ വിലവരും.

ഇസ്തിരിപ്പെട്ടിക്കുള്ളില്‍ കോയിലിനുപകരം സ്വര്‍ണം ഉരുക്കിയൊഴിച്ചാണ് അബ്ദുള്‍റഹീം കടത്താന്‍ ശ്രമിച്ചത്. 3.298 കിലോ സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇന്ത്യന്‍ വിപണിയില്‍ ഇതിന് 96.30 ലക്ഷം രൂപ വിലവരും.

നേരത്തേ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന ഡി.ആര്‍.ഐ. അധികൃതര്‍ വിമാനമിറങ്ങിയ ഉടനെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊടുവള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്തു മാഫിയയുടെ കാരിയര്‍മാരാണ് ഇരുവരുമെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഗള്‍ഫില്‍വെച്ച് പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയാണ് സ്വര്‍ണക്കടത്തിന് തങ്ങളെ നിയോഗിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.

ഇതോടെ ഒരുമാസത്തിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടുന്ന സ്വര്‍ണം 15 കിലോ കവിഞ്ഞു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.