Latest News

പതിമൂന്നാമതു ലിവ ഈന്തപ്പഴോൽസവത്തിന് പ്രൗഢോജ്വല തുടക്കം

അബുദാബി: പശ്‌ചിമ അബുദാബിയിൽ പതിമൂന്നാമതു ലിവ ഈന്തപ്പഴോൽസവത്തിന് പ്രൗഢോജ്വല തുടക്കം. ഫെസ്‌റ്റിവൽ നടക്കുന്ന അൽദഫ്രയിലേക്ക് 50 ഡിഗ്രി സെൽഷ്യസിലധികം താപനിലയുള്ള പകൽവേളയിലും സന്ദർശകപ്രവാഹമാണ്.[www.malabarflash.com]

ആദ്യ ദിനത്തിൽ 106.5 കിലോഗ്രാം തൂക്കമുള്ള ഈന്തപ്പഴക്കുലയ്ക്കാണ് സമ്മാനം ലഭിച്ചത്. ഫെസ്‌റ്റിവലിൽ നൽകുന്ന 52 ലക്ഷം ദിർഹത്തിന്റെ 233 പുരസ്‌കാരങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.

34,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ വിശാലമായ എസി തമ്പുകളിലാണു മേള. പരമ്പരാഗത മാർക്കറ്റിലെ വിൽപനകൾക്കു പുറമെ വിനോദപരിപാടികളും സന്ദർശകരെ ആകർഷിക്കുന്നു.

കാർഷികം, പൈതൃകം, പരിസ്ഥിതി എന്നിവയ്ക്കു പ്രാധാന്യവും പ്രാമുഖ്യവും പകരുന്ന രീതിയിൽ സജ്‌ജീകരിച്ചിരിക്കുന്ന ഈന്തപ്പഴോൽസവ നഗരിയിൽ ഒട്ടേറെ സ്വകാര്യ-സർക്കാർ കമ്പനികൾ അവരുടെ വിവിധ ഉൽപന്നങ്ങൾ, കരകൗശല വസ്‌തുക്കൾ, സേവനങ്ങൾ, കലാരൂപങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. 10 ദിവസമാണു പരിപാടി.

ലിവ ഓയാസിസിലെ ഇടത്തരം മധുരത്തിലുള്ള ഈന്തപ്പഴത്തിനാണ് കൂടുതൽ ആവശ്യക്കാർ. ഖലാസ്, ഫർദ്, കുനൈസി, ബൂമാൻ, ഷീഷി തുടങ്ങിയ 30 ഇനങ്ങളിലുള്ള മുന്തിയ ഇനം ഈന്തപ്പഴങ്ങളും കാഴ്ചക്കാരെ ആകർഷിക്കുന്നു.

യുഎഇയിലുടനീളമുള്ള ഫാമുകളിലെ ഈന്തപ്പഴങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ലിവ, അൽഐൻ എന്നീ ഒയാസീസ് മേഖലയിലെ ഈന്തപ്പഴങ്ങൾ തന്നെയാണ് ഫെസ്‌റ്റിവൽ നഗരിയിൽ ആധിപത്യം പുലർത്തുന്നത്.

ലിവ സിറ്റിയിലെ ഏറ്റവും മികച്ച ഈന്തപ്പഴ ഫാമിനും, ലീവ സിറ്റിയിലെ ഏറ്റവും മികച്ച കാർഷിക പാചകത്തിനും പ്രത്യേക മത്സരമുണ്ടെന്ന് അബുദാബി ഹെറിറ്റേജ് ഫെസ്‌റ്റിവൽസ് കമ്മിറ്റിയുടെയും ആസൂത്രണവും പ്രോജക്‌ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടറുമായ ഉബൈദ് ഖൽഫാൻ അൽ മസ്‌റോയ് പറഞ്ഞു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.