Latest News

നഗ്‌നചിത്രം കാട്ടി ബ്‌ളാക്ക്‌മെയില്‍ ചെയ്ത് മുംബൈ സ്വദേശിനി മലയാളിയില്‍ നിന്നും ഒരു കോടി രൂപ തട്ടിയതായി പരാതി

മുംബൈ: നഗ്നചിത്രം കാട്ടി ബ്‌ളാക്ക്‌മെയില്‍ ചെയ്ത് മുംബൈ സ്വദേശിനി തന്നില്‍ നിന്നും ഒരു കോടി രുപ അപഹരിച്ചെന്ന മലയാളി മദ്ധ്യവയസ്‌ക്കന്റെ പരാതിയില്‍ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തു. അവിചാരിതമായി പരിചയപ്പെടുകയും പിന്നീട് പ്രണയം നടിക്കുകയും ചെയ്ത യുവതി വന്‍ തുക തട്ടിയെന്നും ഇപ്പോള്‍ ഭീഷണി മുഴക്കുന്നതായുമാണ് പരാതിയില്‍ പറയുന്നത്.[www.malabarflash.com]

2010 ല്‍ ഒരു ആഡംബര കാര്‍ വാങ്ങാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ വെച്ച് 45 കാരനായ ബിസിനസുകാരന്‍ യുവ സുന്ദരിയെ പരിചയപ്പെട്ടത്. രണ്ടു പേരും പെട്ടെന്ന് സുഹൃത്തുക്കളാകുകയും ചെയ്തു. താന്‍ എയര്‍ലൈനില്‍ ജോലി ചെയ്യുകയാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ ബിസിനസുകാരന്റെ കൂടെ കാര്‍ഷോറൂമില്‍ ചെല്ലുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് തന്റെ മാതാവ് അസുഖം ബാധിച്ചു കിടക്കുകയാണെന്ന് യുവതി പറഞ്ഞത്. സഹതാപം തോന്നിയ ബിസിനസുകാരന്‍ 15,000 രൂപ നല്‍കി കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു.

ആദ്യ കാഴ്ചയ്ക്ക് ശേഷം ഇരുവരും ഫോണിലൂടെ ചാറ്റിംഗും മെസേജിംഗുമൊക്കെ പതിവാക്കിയതോടെ സുഹൃത്തുക്കളുമായി. ഒരു ദിവസം മാതാവിന് എങ്ങിനെ ഉണ്ടെന്ന് വീണ്ടും അന്വേഷിച്ചപ്പോള്‍ ഇപ്പോഴും അസുഖമാണെന്നും സഹായിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. തുടര്‍ന്ന ബിസിനസുകാരന്‍ 49,000 രൂപ യുവതിയുടെ സഹോദരന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തു.

പിന്നീട്‌ ഇരുവരും കൂടുതല്‍ അടുക്കുകയും ബന്ധങ്ങള്‍ ആഴത്തില്‍ വളരുകയും തന്റെ നഗ്നഫോട്ടോ യുവതി ബിസിനസുകാരന് അയച്ചു കൊടുക്കുകയും അയാളുടെ അത്തരത്തിലുള്ള ഒരു ചിത്രം അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബിസിനസുകാരന്‍ അയച്ചു കൊടുക്കുകയും ചെയ്തു.

അതിന് ശേഷവും യുവതിയെ സാമ്പത്തികമായി ബിസിനസുകാരന്‍ സഹായിച്ചു പോന്നു. ഇതിനിടയില്‍ 2014 ലാണ് ഇയാള്‍ക്ക് സംശയം ഉദിച്ചു തുടങ്ങിയത്. യുവതി മാതാവിനെ കിടത്തിയിരുന്നു എന്ന് പറഞ്ഞിരുന്ന ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങിനെ ഒരാള്‍ ഈ ആശുപത്രിയിലേ ഇല്ലെന്നായിരുന്നു മറുപടി കിട്ടിയത്. യുവതിയെ വിളിച്ചു അന്വേഷിച്ചപ്പോള്‍ ബില്ലടയ്ക്കാന്‍ പണം കെട്ടാത്തതിനെ തുടര്‍ന്ന് ആശുപത്രി പുറത്താക്കിയെന്നായിരുന്നു മറുപടി.

ഇതോടെ ബിസിനസുകാരന്‍ പണമയയ്ക്കല്‍ നിര്‍ത്തിവെച്ചു. ഇതോടെ തനിനിറം പുറത്തു വന്ന യുവതി പണം നല്‍കിയില്ലെങ്കില്‍ ബിസിനസുകാരന്റെ നഗ്നഫോട്ടോ ഇതിനകം പ്രശ്‌നമായി കഴിഞ്ഞിരിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണി മുഴക്കാന്‍ തുടങ്ങി. ഭയന്ന ബിസിനസുകാരന്‍ വീണ്ടും പണം അയച്ചു കൊടുത്തു. ബ്‌ളാക്ക്‌മെയിലിംഗ് ഇവിടെ അവസാനിച്ചില്ല. ഒരു ദിവസം യുവതി ബിസിനസുകാരന്റെ ഭാര്യയെ വിളിച്ച് താനുമായി നിങ്ങളുടെ ഭര്‍ത്താവിന് അവിശുദ്ധ ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞു.

ഇതോടെ കുടുംബത്തിലെ എല്ലാവരോടും എല്ലാം തുറന്നു പറഞ്ഞ ബിസിനസുകാരന്‍ പണം അയയ്ക്കുന്നത് എന്നന്നേക്കുമായി അവസാനിപ്പിച്ചു. വീണ്ടും യുവതി പണം ആവശ്യപ്പെട്ടപ്പോള്‍ ബിസിനസുകാരന്‍ പോലീസിനെ വിവരം അറിയിച്ചു. ഇതിനകം ഒരു കോടി രൂപ യുവതിയുടെ പക്കല്‍ ചെന്നു കഴിഞ്ഞിരുന്നു. 

ബിസിനസുകാരന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് യുവതി നല്‍കിയത് വ്യാജപ്പേര് ആണെന്നും ഒരു എയര്‍ലൈനിലും ജീവനക്കാരിയോ കായിക പരിശീലകയോ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.