Latest News

കുടുംബസുഹൃത്തായ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിനുനേരെ സദാചാരഗുണ്ടകളുടെ ആക്രമണം. മൂന്നുപേര്‍ പിടിയില്‍

തളിപ്പറമ്പ്: കുടുംബസുഹൃത്തായ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിനുനേരെ സദാചാരഗുണ്ടകളുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലിസ് പിടിയില്‍.[www.malabarflash.com] 

ഇരിട്ടി അയ്യങ്കുന്ന് അങ്ങാടിക്കടവ് സ്വദേശിയും കുറുമാത്തൂരില്‍ ജെസിബി ഓപ്പറേറ്ററുമായ നടുവിലെപാട്ട് ഹൗസില്‍ ബി പ്രസാദ് മോന്‍ (29) ആണ് ആക്രമണത്തിനിരയായത്.

ചുള്ളിയോടന്‍ അഷ്‌റഫ് എന്ന ബപ്പു അഷ്‌റഫ് (36), സലാമത്ത് നഗറിലെ അബ്ദുള്‍മുനീര്‍ (28), നീളം ഫൈസല്‍ എന്ന സി പി ഫൈസല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കുമുന്നിലാണ് ഞായറാഴ്ച ഉച്ചയോടെ പ്രസാദ് മോന്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായത്. കൈയില്‍ ചരട് കെട്ടി അന്യമതസ്ഥയായ പെണ്‍കുട്ടിയോട് സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രസാദിനെ അള്ളാംകുളം റോഡിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘം ഫോണ്‍ തട്ടിയെടുത്തതായും പരാതിയുണ്ട്.

കൂടാതെ പ്രസാദിന്റെ ഫോട്ടോയും പ്രതികള്‍ ബലമായി മൊബൈലില്‍ പകര്‍ത്തുകയും. ഈ ഫോട്ടോയുള്‍പ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ദയുണ്ടാക്കുന്ന രീതിയില്‍ ശബ്ദ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുകയുണ്ടായി. സംഭവം വിവരിച്ചുകൊണ്ട് വാട്ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചത് മുഖ്യപ്രതിയായ പുട്ട് ആബിദാണത്രെ.

താഴെചൊറുക്കളയിലെ കുടുംബസുഹൃത്തും വിവാഹിതയുമായ യുവതിയോട് സംസാരിച്ചതിനായിരുന്നു ആക്രമണം. യുവതിയുടെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് താലൂക്ക് ആശുപത്രിയില്‍ നിന്നെടുത്ത ഒ പി ചീട്ട് കൈമാറാനാണ് പ്രസാദ് മോന്‍ യുവതിയെ കാത്തുനിന്നത്. ഈ സമയം ഹജ്ജ് പരിശോധനാക്യാമ്പുമായി ബന്ധപ്പെട്ട് പ്രതികളും ആശുപതിയിലുണ്ടായിരുന്നു. ഒപി ചീട്ട് കൈമാറി യുവതിയോട് സംസാരിക്കുമ്പാള്‍ പുട്ട് ആബിദിന്റെ നേതൃത്വത്തിലെത്തിയ സംഘം പ്രസാദ്‌മോനെ കൈയ്യേറ്റം ചെയ്തു.

അക്രമിസംഘം വിളിപ്പിച്ചതനുസരിച്ച് എത്തിയ യുവതിയുടെ പിതാവ് തങ്ങള്‍ കുടുംബസുഹൃത്തുക്കളാണെന്ന് വെളിപ്പെടുത്തിയതോടെ യുവതിയെ അദേഹത്തിനൊപ്പം പറഞ്ഞയച്ചു. തുടര്‍ന്നാണ് പ്രസാദ്‌മോനെ അള്ളാംകുളം റോഡിലേക്ക് പിടിച്ചുകൊണ്ടുപോയി ആക്രമിച്ചത്. 

ബോധപൂര്‍വ്വം മതസ്പര്‍ദയും ലഹളയുമുണ്ടാക്കാന്‍ ശ്രമിച്ചതിനും കവര്‍ച്ചയ്ക്കും പോലീസ് കേസെടുത്തു. മുഖ്യപ്രതി ആബിദ് ഒളിവിലാണ്. പോലീസിനെ അക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആബിദ്.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.