Latest News

ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലൂടെ ആര്‍എസ്എസിനെ അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല: അബ്ദുല്‍ മജീദ് ഫൈസി

വേങ്ങര: ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലൂടെ ആര്‍എസ്എസിനെ അമര്‍ച്ച ചെയ്യാമെന്ന് കരുതുന്നത് വിഢിത്തരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.[www.malabarflash.com]

എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വേങ്ങരയില്‍ സംഘടിപ്പിച്ച ‘ആര്‍എസ്എസ് കൊലവിളിക്കെതിരെ മലപ്പുറത്തിന്റെ പ്രതിരോധം’ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളെയും ദലിതുകളെയും ഉന്‍മൂലനം ചെയ്യാന്‍ പ്രതിജ്ഞ എടുത്ത് പ്രവര്‍ത്തിക്കുന്ന സംഘപരിവാര ശക്തികള്‍ക്ക് സമാധാനത്തിന്റെ ഭാഷയറിയില്ല. മോദിയുടെ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് രാജ്യത്ത് വിധ്വംസക രാഷ്ട്രീയത്തിനു നേതൃത്വം നല്‍കുന്ന ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാടുകളില്‍ നിന്ന് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം. 

ആര്‍എസ്എസ് അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവര്‍ ഐക്യത്തോടെ പ്രതിരോധം തീര്‍ക്കണം. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന തരത്തില്‍ പൗരന്‍മാരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഭരണകൂടങ്ങള്‍. ദലിതുകളുടെ മോചനത്തിന് വേണ്ടി ശബ്ദിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ അടച്ച ഭരണകൂട ഭീകരത അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണ്. 

ഫാസിസത്തിനെതിരായ ബോധവല്‍ക്കരണമാണ് ആര്‍എസ്എസ് ഭയപ്പെടുന്നത്. ആര്‍എസ്എസിനെതിരായ ബോധവല്‍ക്കരണം നടത്തുന്നവരെ തീവ്രവാദികളാക്കി ജയിലിലടക്കാനും തെരുവില്‍ കൊന്നൊടുക്കാനും ഭരണകൂടങ്ങള്‍ ഒത്താശ ചെയ്യുകയാണ്. സംഘ്പരിവാര ഭീഷണികള്‍ക്കിരകളാക്കപ്പെടുന്നവരെ ബോധവല്‍ക്കരണത്തിലൂടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം പകര്‍ന്നു കൊടുക്കാന്‍ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ്, കെ കെ അബ്ദുല്‍ മജീദ് അല്‍കാസിമി, അഡ്വ.കെ സി നസീര്‍, എ കെ അബ്ദുല്‍ മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, എ ബീരാന്‍ കുട്ടി സംസാരിച്ചു.
കുറ്റാളൂരില്‍ നിന്നാരംഭിച്ച ബഹുജന റാലിക്ക് ജില്ലാ മണ്ഡലം ഭാരവാഹികളായ എ സൈതലവി ഹാജി, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, എ എം സുബൈര്‍, പി ഹംസ, പി ഉസ്മാന്‍, കെ അബ്ദുല്‍നാസര്‍, ടി സിദ്ദീഖ്, പി ഷരീഖാന്‍, മുസ്തഫ വള്ളിക്കുന്ന് നേതൃത്വം നല്‍കി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.