Latest News

മദ്യലഹരിയിലെത്തിയ പിതാവ്‌ കത്തിവീശി; ഭയന്ന്‌ വിറച്ച വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി മരിച്ചു

കാസര്‍കോട്: മദ്യലഹരിയിലെത്തിയ പിതാവ്‌ കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനെ തുടര്‍ന്ന്‌ ഭയന്നോടിയ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ മകള്‍ കിണറ്റില്‍ ചാടി മരിച്ചു.[www.malabarflash.com] 

കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന്‌ സമീപത്തെ ഹരിദാസിന്റെ മകള്‍ ഹരിത (14) യാണ്‌ മരിച്ചത്‌. കൊളത്തൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്‌. മാതാവ്‌ രുഗ്‌മിണി. ശ്രീലക്ഷ്‌മി, പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയായ രമ്യ എന്നിവര്‍ സഹോദരങ്ങളാണ്‌. 

വ്യാഴാഴ്ച രാത്രി 9.15 മണിയോടെയാണ്‌ ദാരുണമായ സംഭവം നടന്നത്‌. സ്ഥിരം മദ്യപാനിയായ ഹരിദാസ്‌ വ്യാഴാഴ്ച രാത്രിയിലും മദ്യപിച്ചെത്തി. അതിന്‌ ശേഷം ബഹളം വെയ്‌ക്കുകയും വാക്കത്തിയെടുത്ത്‌ വീശുകയും ചെയ്‌തതോടെ ഭയന്ന്‌ വിറച്ച ഹരിത വീട്ടില്‍ നിന്ന്‌ ഇറങ്ങിയോടുകയും സമീപത്തെ 14 കോല്‍ താഴ്‌ച്ചയുള്ള കിണറ്റില്‍ ചാടുകയുമായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.
ബഹളവും കൂട്ട നിലവിളിയും കേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഹരിതയെ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കിണറില്‍ നിറയെ വെള്ളമുണ്ടായതാണ്‌ കാരണം. കുറ്റിക്കോലില്‍ നിന്ന്‌ ഫയര്‍ ഫോഴ്‌സെത്തിയാണ്‌ ചെളിയില്‍ പൂണ്ട നിലയില്‍ ഹരിതയെ കണ്ടെടുത്തത്‌. ഉടന്‍ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട്‌ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. 

സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ്‌ ബേഡകം പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഹരിതയുടെ മരണത്തില്‍ മാതാപിതാക്കളുടെയും വീട്ടുകാരുടെയും മൊഴിയെടുക്കുമെന്നും ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസെടുക്കുമെന്നും ആദൂര്‍ സി ഐ സിബി തോമസ്‌ പറഞ്ഞു.
ഒരു മാസം മുമ്പാണ്‌ മൂത്ത സഹോദരിയുടെ കല്ല്യാണം കഴിഞ്ഞത്‌. അതിനുശേഷം മൂന്നിലേറെ തവണ മദ്യലഹരിയില്‍ കത്തിവീശി ഭീഷണിപ്പെടുത്തിയിരുന്നു. മദ്യപാനത്തെയും ബഹളം വെയ്‌ക്കുന്നതിനെയും ഹരിത ചോദ്യം ചെയ്‌തിരുന്നു. ഇതാണ്‌ കത്തി വീശി ഭീഷണിപ്പെടുത്താന്‍ കാരണമെന്ന്‌ പറയുന്നു. വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ വിവരമറിഞ്ഞ്‌ നിരവധിപേര്‍ വീട്ടിലെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.