Latest News

പ്രതിഷേധം ഇരമ്പി; വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: തൃശൂർ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെ തുടർന്ന് തൃശൂർ ഏങ്ങണ്ടിയൂർ പോളയ്ക്കൽ പങ്കൻതോട് കോളനിയിലെ വിനായകൻ ആത്മഹത്യ ചെയ്ത സംഭവം ക്രൈബ്രാഞ്ച് അന്വേഷിക്കും. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള ഉത്തരവ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തിറക്കി.[www.malabarflash.com]

വിനായകന് കസ്റ്റഡിയില്‍ പീഡനം ഏറ്റിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പോലീസിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതു ശരിവയ്ക്കുന്ന രീതിയിലായിരുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നത്.

ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തി. കാലിൽ ബൂട്ടിട്ട് ചവിട്ടിയ പാടുകളും ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന് പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ബന്ധിതമായത്.

മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ച് പറിച്ചും അതിക്രൂരമായി വിനയകനെ പോലീസ് മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. സ്റ്റേഷനിലെ ക്രൂര പീഡനങ്ങള്‍ പ്രദേശത്തെ സിപിഎം ഏരിയാ സെക്രട്ടറിയോടും വിനായകന്‍ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പോലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകൻ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.

മുടി വളർത്തിയതാണ് വിനായകൻ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകൻ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.