Latest News

ഷാര്‍ജ ഭരണാധികാരി അടുത്തമാസം കേരളം സന്ദർശിക്കും

ഷാര്‍ജ: കോഴിക്കോട് സര്‍വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം സ്വീകരിക്കുന്നതിനായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അടുത്തമാസം കേരളത്തിലെത്തും.[www.malabarflash.com] 

സെപ്റ്റംബര്‍ 26ന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ബിരുദം നേരിട്ട് ഏറ്റുവാങ്ങുമെന്നാണ് വിവരം.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് സുല്‍ത്താനെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചെങ്കിലും തിയതി നിശ്ചയിച്ചിരുന്നില്ല. അടുത്തിടെ തിയ്യതി ഉറപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

മികച്ച ഭരണാധികാരി എന്നതിലുപരി അക്ഷര സ്നേഹിയായ ഷെയ്ഖ് ഡോ.സുൽത്താൻ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയോടും ഇന്ത്യക്കാരോടും ഏറെ മമത പുലർത്തുന്ന അദ്ദേഹത്തിൻ്റെ വൈറ്റ് ഷെയ്ഖ് എന്ന നോവലിൽ ഒട്ടേറെ സ്ഥലത്ത് ഇന്ത്യ കടന്നുവരുന്നു. കവയിത്രി ഒ.വി.ഉഷ ഇൗ നോവൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് വെള്ളക്കാരൻ ഷെയ്ഖ് എന്ന പേരിൽ വിവർത്തനം ചെയ്തു.

സാംസ്‌കാരിക ലോകത്തിന് ഏറെ സാഹിത്യ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിൻ്റെ എമിറേറ്റ് അറബ് ലോകത്തെ സാംസ്കാരിക തലസ്ഥാനം കൂടിയാണ്. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം ലോകപ്രശസ്ത പുസ്തകമേളകളിലും സന്ദർശകനാകുന്നു. 

ഏറെ രാജ്യങ്ങൾ അദ്ദേഹത്തിന് ഇതിന് മുന്‍പ് ഡിലിറ്റ് പദവി നല്‍കി ആദരിച്ചിരുന്നു. ഇന്ത്യാ സന്ദര്‍ശനം മുന്‍പ് നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സുല്‍ത്താന്‍ കേരളം സന്ദര്‍ശിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.