Latest News

മതസ്പര്‍ദ്ധ വളര്‍ത്തുന്ന ട്വീറ്റ്: ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ കേസ്

ആലപ്പുഴ: അർത്തുങ്കൽ പള്ളിയെ മത സ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിന് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ കേസെടുത്തു. പള്ളി തിരിച്ചുപിടിക്കാൻ ഹിന്ദുക്കൾ തയ്യാറാക്കണം എന്ന ട്വീറ്റിൻ്റെ പേരിലാണ് നടപടി. ആലപ്പുഴ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം മാരാരിക്കുളം പോലീസാണ് കേസെടുത്തിരിക്കുന്നത്.[www.malabarflash.com]
ഈ സാഹചര്യത്തിൽ അർത്തുങ്കൽ പള്ളിക്ക് പ്രത്യേക പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അർത്തുങ്കൽ പള്ളി മുൻപ് ഒരു ശിവക്ഷേത്രമായിരുന്നുവെന്നാണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ മോഹൻദാസ് പറഞ്ഞത്. ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റുകയായിരുന്നു. പള്ളി ഉത്ഖനനം നടത്തിയാൽ ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ കാണാമെന്നും മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു.

ശ്രീകോവിലിൻ്റെ സ്ഥാനത്ത് പണിയാൻ ശ്രമിച്ച ആൾത്താര നിർമ്മാണത്തിനിടെ വീണുകൊണ്ടിരുന്നുവെന്നും ഇതേ തുടർന്ന് പാതിരിമാർ ജോത്സ്യനെ കണ്ടുവെന്നും മോഹൻദാസ് കുറിച്ചു. പിന്നീട് ആൾത്താര ഇവിടെ നിന്ന് മാറ്റി പണിയാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇനി ഹിന്ദുക്കൾ നടത്തേണ്ടതെന്നും മോഹൻദാസ് പറഞ്ഞിരുന്നു.

ട്വീറ്റ് മതസ്‌പർദ്ധയും അക്രമവും വളർത്താനുള്ള ആഹ്വാനമായാണ് പോലീസ് നിരീക്ഷിച്ചിരിക്കുന്നത്. ഈ ട്വീറ്റ് പുറത്തുവന്നപ്പോൾ തന്നെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണങ്ങൾ നടന്നിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.