Latest News

വിദേശമദ്യശാലയ്‌ക്കെതിരേ പൊയിനാച്ചിയില്‍ ഒന്നര കിലോമീറ്റര്‍ ദൂരം മനുഷ്യച്ചങ്ങല

പൊയിനാച്ചി: ആരും വിട്ടുനിന്നില്ല. നാടൊന്നാകെ കൈകോര്‍ത്തു. വിദേശമദ്യശാല വരുന്നതിനെതിരേ നടക്കുന്ന രാപകല്‍ സമരത്തിന്റെ പതിനെട്ടാം ദിനമായ വെള്ളിയാഴ്ച വൈകീട്ട് പൊയിനാച്ചിയില്‍ നാട്ടുകാര്‍ സ്വമേധയാ ഒന്നര കിലോമീറ്റര്‍ ദൂരം പ്രതിഷേധഭാഗമായി മനുഷ്യച്ചങ്ങല തീര്‍ത്തു.[www.malabarflash.com]

പൊയിനാച്ചിപ്പറമ്പിലെ സമരപ്പന്തലില്‍നിന്ന് തുടങ്ങിയ മനുഷ്യച്ചങ്ങല പൊയിനാച്ചി ടൗണ്‍ ചുറ്റി ദേശീയപാതയുടെ അരികിലൂടെ നീണ്ടു. പ്രദേശത്തെയും സമീപപ്രദേശങ്ങളിലേയും ആയിരങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയനിര സമരത്തിന് ശക്തി പകര്‍ന്നു. 

മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചാണ് ഇവര്‍ നാട്ടില്‍ മദ്യശാല വേണ്ടെന്ന ദൃഢനിശ്ചയവുമായി പാതയോരത്ത് കൂട്ടായ്മ തീര്‍ത്തത്. ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും മനുഷ്യച്ചങ്ങലയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നു.'

എന്റെ നാടിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം വേണ്ടെന്നും മദ്യത്തിലൂടെ നാടിന്റെ സ്വസ്ഥത തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പ്രതിജ്ഞയെടുത്തു. സമരസമിതിക്കൊപ്പം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സുഫൈജ അബുബക്കര്‍, ഷാനവാസ് പാദൂര്‍, പഞ്ചായത്ത് അംഗങ്ങളായ രേണുക ഭാസ്‌കരന്‍, ഗീതാ ബാലകൃഷ്ണന്‍, അജന എ.പവിത്രന്‍, ആര്‍.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ് ബി.നമ്പ്യാര്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, ജന.സെക്രട്ടറി പി.വി.സുരേഷ്, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ഐ.എന്‍.എല്‍.
സംസ്ഥാനസമിതി അംഗം സുബൈര്‍ പടുപ്പ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കല്ല്, മദ്യനിരോധന സമിതി സംസ്ഥാന രക്ഷാധികാരി കെ.സുരേന്ദ്രനാഥ്, ജില്ലാ സെക്രട്ടറി പി.ജെ.തോമസ്, സി.പി.എം. പ്രദേശിക നേതാക്കളായ കെ.കുമാരന്‍ നായര്‍, ഇ.കുഞ്ഞമ്പു നായര്‍ തുടങ്ങി നിരവധിപേര്‍ മനുഷ്യച്ചങ്ങലയ്ക്ക് പിന്തുണയുമായെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.