Latest News

ബാലാവകാശ കമ്മീഷൻ നിയമനം: മന്ത്രിക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി

കൊച്ചി: ബാലാവകാശ കമ്മിഷൻ നിയമനത്തില്‍ മന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ പരാമർശങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങളാണ് ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തത്.[www.malabarflash.com]

ബാലാവകാശ കമ്മിഷനിൽ രാഷ്ട്രീയക്കാരെ തിരുകി കയറ്റാൻ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണ് നീക്കം ചെയ്തിരിക്കുന്നത്. കേസിൽ മന്ത്രി കക്ഷിയായിരുന്നില്ലെന്നു നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, മന്ത്രിയുടെ വാദങ്ങൾ കോടതി കേട്ടില്ലെന്നും വ്യക്തമാക്കി. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാൻ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിർദേശിച്ചത് അവർക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നാണു സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയത്.

സിപിഎം പ്രവർത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഈ പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനനടപടി നീട്ടിക്കൊണ്ടുപോയ സംസ്ഥാന സർക്കാർ, ഇതേപേരിൽ സുപ്രീം കോടതിയിൽ അരലക്ഷം രൂപ പിഴ ഒടുക്കേണ്ടി വന്നിരുന്നു. ബാലാവകാശ കമ്മിഷനിലെ ഒഴിവുകൾ ഒരു ദിവസം പോലും വൈകാതെ നികത്തണമെന്ന സുപ്രീം കോടതി നിർദേശത്തിനു വിരുദ്ധമായി നീട്ടിക്കൊണ്ടുപോയതിന്റെ പേരിലാണു പിഴയടയ്ക്കാൻ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പരമോന്നത കോടതി ഉത്തരവിട്ടത്.

കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബർ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിൻ അലക്സ് ഹൈക്കോടതിയെ സമീപിച്ചു.

സുപ്രീം കോടതിയിൽ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രിൽ 29 നു സംസ്ഥാന സർക്കാർ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതിൽ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർകോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.