Latest News

വനിതാ കമ്മീഷന്‍ ഇടപെട്ടു; മാനേജര്‍ പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കും

കാസര്‍കോട്: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജര്‍ പുറത്താക്കിയ അധ്യാപികയെ വനിതാ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് തിരിച്ചെടുക്കും.വനിത കമ്മീഷന്‍ അംഗം ഡോ: ലിസി ജോസിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.[www.malabarflash.com]

അധ്യാപികയെ തിരിച്ചെടുക്കുന്നതിന് പുറമെ മൂന്നു വര്‍ഷമായി ജോലി ചെയ്തവകയില്‍ അധ്യാപികയ്ക്കു ലഭിക്കുവാനുള്ള മുഴുവന്‍ തുകയും നല്‍കുവാനും സ്‌കൂള്‍ ചെയര്‍മാന്‍ സമ്മതിച്ചു. 

കുമ്പളയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയുടെ പരാതിയില്‍ ചെയര്‍മാനോട് അടുത്ത സിറ്റിംഗില്‍ ഹാജരാകുവാനും കമ്മീഷന്‍ നിര്‍ദേശിച്ചു. മാനേജര്‍ക്കെതിരെ അധ്യാപികയുടെ മറ്റൊരു പരാതി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ അത് പരിഗണിച്ചില്ല.
സഹോദരിയില്‍ നിന്ന് വായ്പയായി വാങ്ങിയ 33,000 രൂപ സഹോദരിക്ക് തിരിച്ചു നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. യുവാവിനെതിരെ സ്വന്തം സഹോദരി നല്‍കിയ പരാതിയില്‍ നവംബറില്‍ നടക്കുന്ന അടുത്ത അദാലത്തില്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കാനും സഹോദരന്‍ സമ്മതിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന തന്റെ വ്യാജനഗ്നചിത്രങ്ങളും വീഡിയോയും മൂത്ത സഹോദരന്‍ പ്രചരിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിനും പോലീസിനും ഈ പരാതി കൈമാറി. 

പോലീസ് സബ് ഇന്‍സ്‌പെക്ടറും സംഘവും അര്‍ധ രാത്രിയില്‍ സ്‌റ്റെയര്‍കേസ് പൊളിച്ച് അകത്തു കടന്നുവെന്ന വയോധികയുടെ പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. പോലീസിനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
ഗര്‍ഭിണിയാണെന്ന് നോട്ടീസ് അച്ചടിച്ചുവിതരണം ചെയ്തു സമൂഹത്തില്‍ തന്നെ അപമാനിക്കുവാന്‍ യുവാവ് ശ്രമിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതിയുമായെത്തിയ മൂന്നു ദമ്പതികളെ കൗണ്‍സിലിംഗിന് അയക്കുവാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഡോ: ലിസി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന മെഗാ അദാലത്തില്‍ മൊത്തം 40 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഏഴു പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. മൂന്നു പരാതികളില്‍ ആര്‍ഡിഒ യോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

ദമ്പതികള്‍ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളുള്ള മൂന്നു കേസുകള്‍ കൗണ്‍സിലിംഗിന് അയച്ചു. തീര്‍പ്പാകാതിരുന്ന ഒന്‍പത് പരാതികളില്‍ അടുത്ത അദാലത്തില്‍ വീണ്ടും വിളിക്കുവാനും കമ്മീഷന്‍ തീരുമാനിച്ചു.
ലീഗല്‍പാനല്‍ അംഗം അഡ്വ.എ.പി ഉഷ, വനിതാ സെല്‍ ഉദ്യോഗസ്ഥരായ എം.എ ശാന്ത, സജിത തുടങ്ങിയവര്‍ മെഗാ അദാലത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.