Latest News

വിദ്യാര്‍ഥി വെടിയേറ്റുമരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: എയര്‍ഗണ്ണില്‍നിന്നുള്ള വെടിയേറ്റ് കോളേജ് വിദ്യാര്‍ഥി മാനത്തുമംഗലം കിഴിശ്ശേരി മാസിന്‍ (21) മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സംഘത്തിലുണ്ടായിരുന്ന മാനത്തുമംഗലം പിലാക്കല്‍ മുത്തമ്മില്‍ (24) ആണ് അറസ്റ്റിലായത്.[www.malabarflash.com]

ഞായറാഴ്ച വൈകീട്ടോടെ ആസ്​പത്രി പരിസരത്തുനിന്ന് പോലീസ് മുത്തമ്മിലിനെ കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവസമയത്ത് പ്രതിയുള്‍പ്പെടെ സംഘത്തിലെ ചിലര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. മുത്തമ്മിലിനെക്കൂടാതെ എട്ടുപേര്‍ കസ്റ്റഡിയിലാണ്.

മാസിനെ തൊട്ടടുത്തുനിന്നാണ് മുത്തമ്മില്‍ വെടിവെച്ചതെന്നും വെടിയുണ്ട ശ്വാസകോശത്തില്‍ തുളഞ്ഞുകയറിയ നിലയിലായിരുന്നുവെന്നും സി.ഐ ടി.എസ്. ബിനു പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മരിച്ച മാസിനും മുത്തമ്മിലും ഉള്‍പ്പെടെ പത്തംഗസംഘമാണ് ഞായറാഴ്ച പൂപ്പലം നിരപ്പിലെ തലപറമ്പ് കുന്നിന്‍മുകളിലെത്തിയത്. സുഹൃത്തുക്കളടങ്ങിയ സംഘം അവധിയാഘോഷിക്കാനാണ് വിജനമായ പ്രദേശത്തെത്തിയത്.

കൂട്ടത്തിലൊരാളുടേതാണ് തോക്ക്. പക്ഷികളെയോ ചെറുമൃഗങ്ങളെയോ വെടിവെക്കാനായിരുന്നു ഇതെന്നാണ് കരുതുന്നത്. തോക്കില്‍ ഉണ്ടയുള്ളത് അറിയില്ലായിരുന്നുവെന്ന് മുത്തമ്മില്‍ ചോദ്യംചെയ്യലില്‍ പറഞ്ഞെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊല്ലണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നുവോയെന്നത് വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. ഇവര്‍ തമ്മില്‍ പ്രത്യക്ഷത്തില്‍ വൈരാഗ്യമുള്ളതായി വിവരമില്ല.

തോക്കുചൂണ്ടി മൊബൈലില്‍ സംഘം ചിത്രങ്ങളെടുത്തിട്ടുണ്ട്. തോക്കുപയോഗിച്ച് സംഘം കളിച്ചിരുന്നതായും വിവരമുണ്ട്. ഇതിനിടയില്‍ അബദ്ധം പിണഞ്ഞതാണോയെന്നതില്‍ കൂടുതല്‍ അന്വേഷണം നടത്തും.

വെടിയേറ്റ മാസിനെ മുത്തമ്മിലും മറ്റൊരാളും ചേര്‍ന്നാണ് ആസ്​പത്രിയിലെത്തിച്ചത്. മുത്തമ്മില്‍ നല്‍കിയ വിവരമനുസരിച്ച് തിങ്കളാഴ്ച സംഭവസ്ഥലത്ത് പരിശോധന നടത്തിയ പോലീസ് കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞനിലയില്‍ തോക്ക് കണ്ടെടുത്തു. തിരകളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

മദ്യപിക്കാനും മറ്റുമായി പലരും ഇവിടെയെത്താറുണ്ടെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ട് നാലിനുമുമ്പായി സംഘം കുന്നിന്‍മുകളിലെത്തിയതായാണ് കരുതുന്നത്.

എസ്.ഐമാരായ വി.കെ. കമറുദ്ദീന്‍, നരേന്ദ്രന്‍, പ്രത്യേക അന്വേഷണസംഘം ഉദ്യോഗസ്ഥന്‍ പി.എന്‍. മോഹനകൃഷ്ണന്‍, സീനിയര്‍ സി.പി.ഒമാരായ സുകുമാരന്‍, രത്‌നാകരന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.