കാസര്‍കോട്: ഈ ഓണക്കാലത്ത് അയ്യായിരം ടണ്‍ അരി ആന്ധ്രയില്‍ നിന്നെത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് സപ്ലൈകോ-സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്താകെ 3500 ഓണച്ചന്തകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.[www.malabarflash.com]
കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ സപ്ലൈകോ ആരംഭിച്ച ജില്ലാ ഓണം-ബക്രീദ് ഫെയര്‍-2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇടനിലക്കാരില്ലാതെ സിവില്‍ സപ്ലൈസ് നേരിട്ട് ഉത്പാദന കേന്ദ്രത്തില്‍പോയാണ് ഓണത്തിന് മട്ട, ജയ ഇനത്തില്‍പ്പെട്ട അരികള്‍ എത്തിക്കുന്നത്. ഇതോടെ അരിക്ക് ഇനിയും വില കുറയും. ഉത്സവം സീസണുകളില്‍ ചില കേന്ദ്രങ്ങള്‍ അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണത കാലങ്ങളായി തുടരുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവില്‍ അരിക്കും പയറു വര്‍ഗങ്ങള്‍ക്കും വില കുറവാണ്. പച്ചക്കറിക്കും പഴങ്ങള്‍ക്കുമാണ് വില കൂടിക്കൊണ്ടിരിക്കുന്നത്. അതിനുകാരണം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത്തവണ വരള്‍ച്ച കൂടുതലായിരുന്നു. പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനാണ് ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് 3500 ഓണച്ചന്തകള്‍ ആരംഭിക്കുന്നത്.
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ സംഭരിച്ച് ന്യായമായ വിലയ്ക്കാവും ഓണച്ചന്തകളിലൂടെ വില്‍പ്പന നടത്തുന്നത്. ഇതുകൂടാതെ അരിയും, പയറുവര്‍ഗങ്ങളും മറ്റു ഉത്പന്നങ്ങളും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ഇത്തവണ 1470 ഓണചന്തകള്‍ ആരംഭിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇവയുടെ എണ്ണം ഉദ്ദേശിച്ചതിലും കൂടും. പുതിയ മാവേലി സ്‌റ്റോറുകള്‍ വഴിയും ഓണച്ചന്തകള്‍ ആരംഭിക്കും-മന്ത്രി പറഞ്ഞു.
ജില്ലാ തലത്തിലുള്ള ഓണച്ചന്തകള്‍ ആരംഭിച്ചതിനു പുറമെ വരുംദിവസങ്ങളില്‍ മണ്ഡലം-താലൂക്ക് അടിസ്ഥാനത്തിലുള്ളവ എംഎല്‍എമാര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തുകളിലും ഓണച്ചന്തകള്‍ സംഘടിപ്പിക്കും. കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് എംഎല്‍എമാരുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ ഓണച്ചന്തങ്ങള്‍ സംഘടിപ്പിക്കും.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും വിലക്കുറവിന്റെ ഓണം-ബക്രീദ് ഉത്സവസീസണാകും. ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് എല്ലാ സാധനങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.രാജന്‍, എ.അബ്ദുള്‍ റഹ്മാന്‍, ജി.ചന്ദ്രന്‍, ഹമീദ് മൊഗ്രാല്‍, കരിവെള്ളൂര്‍ വിജയന്‍, അബ്രഹാം തോണക്കര, അസീസ് കടപ്പുറം എന്നിവര്‍ പങ്കെടുത്തു. സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ.പി സജിമോന്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫിസര്‍ രമാദേവി നന്ദിയും പറഞ്ഞു.
കാസര്‍കോട് നായക്‌സ് റോഡില്‍ ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ ആരംഭിച്ചിരിക്കുന്ന ഓണം-ബക്രീദ് ഫെയര്‍ അടുത്ത മാസം മൂന്നു വരെ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുന്നത്.
No comments:
Post a Comment