Latest News

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം നാടകീയ നീക്കങ്ങളിലൂടെ വിമത പക്ഷത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായി

പുല്ലൂര്‍: ഏറെ വിവാദമായ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം നാടകീയ നീക്കങ്ങളിലൂടെ വിമത പക്ഷത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായി.[www.malabarflash.com]

കെപിസിസി നേതൃത്വം ഇടപെട്ടിട്ട് പോലും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മുഴുവന്‍ ഡയറക്ടര്‍മാരോടും തിങ്കളാഴ്ച്ച രാജി വെക്കാന്‍ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസഥാനത്തില്‍ മുന്‍ ബാങ്ക് പ്രസിഡണ്ടും ഡി സി സി സെക്രട്ടറിയുമായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, നാരായണി, കെ വി ഗംഗാധരന്‍ എന്നിവര്‍ ഇന്നലെ രാജി കത്ത് നല്‍കിയിരുന്നു. 

രാജികത്ത് ലഭിച്ച ഉടന്‍ വ്യാഴാഴ്ച രാവിലെ ബാങ്കിന്റെ അമ്പലത്തറ ബാങ്കില്‍ നടന്ന അടിയന്തര യോഗം രാജിക്കത്ത് അംഗീകരിക്കുകയും പുതുതായി രണ്ടംഗങ്ങളെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഇനി മൂന്നുപേരെക്കൂടി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുണ്ട്.
ഭരണ സമിതി രഹസ്യ യോഗം ചേരുന്നുണ്ടെന്നറിഞ്ഞ് വിനോദിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഭരണ സമിതി അംഗങ്ങളെ ബാങ്കിനകത്ത് പൂട്ടിയിട്ടു.പോലീസെത്തിയാണ് ഇവരെ പുറത്തിറക്കിയത്.

രാജി വെച്ചവര്‍ക്ക് പകരം പി ശ്രീകല, ബാലകൃഷ്ണന്‍ എന്നിവരെയാണ് വ്യാഴാഴ്ച ചേര്‍ന്ന അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ഡയറക്ടര്‍മാരായി തെരെഞ്ഞെടുത്തത്. 

ഇതില്‍ ശ്രീകലയെ നേരത്തെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യയാക്കിയിരുന്നു. അന്ന് അയോഗ്യയാക്കപ്പെട്ട ശ്രീകലയ്ക്ക് പകരം കഴിഞ്ഞ 15ന് ചേര്‍ന്ന ഭരണ സമിതിയോഗം ഓമനയെ പ്രസിഡണ്ടിന്റെ കാസ്റ്റിംഗ് വോട്ടോടെ ഡയറക്ടറായി തെരെഞ്ഞെടുത്തിരുന്നു. 

വ്യാഴാഴ്ച രണ്ടുപേരെക്കൂടി തെരഞ്ഞെടുത്തതോടെയാണ് പുല്ലൂര്‍ ബാങ്കിന്റെ ഭരണം ഡിസിസി തീരുമാനത്തെ അട്ടി മറിച്ച് പൂര്‍ണ്ണമായും വിമത പക്ഷത്തിന്റെ അധീനതയിലായത്. യോഗ തീരുമാനങ്ങളും മിനുട്‌സ് ബുക്കും ഭരണസമിതി കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ചു. 

എന്നാല്‍ വ്യാഴാഴ്ച ഭരണ സമിതി യോഗം ചേര്‍ന്ന് ചട്ടവിരുദ്ധമാണെന്ന് മറുപക്ഷം പറയുന്നു. അംഗങ്ങള്‍ രാജി വെച്ചതിനാല്‍ ക്വാറം തികയാതെയാണ് യോഗം നടന്നതെന്നും ബാങ്ക് പ്രവര്‍ത്തന സമയത്തിനും മുമ്പേ യോഗം ചേര്‍ന്നത് ചട്ടവിരുദ്ധമാണെന്നും ബാങ്കിന്റെ മിനുട്‌സ് ബുക്ക് തിരുത്തിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. 

സഹകരണ ചട്ടം ഇരുപത്തിയെട്ടാം വകുപ്പ് പ്രകാരം നടന്ന യോഗം നിയമ വിധേയമാണെന്ന് ഭരണസമിതിയും വാദിക്കുന്നു. ശ്രീകലയ്ക്ക് പകരം ഓമനയെ ഡയറക്ടറാക്കുകയും കഴിഞ്ഞ ദിവസം ഡയറക്ടറായിരുന്ന എക്കാല്‍ ബാബുവിനെ അയോഗ്യനാക്കുകയും ചെയ്തതോടെ ഭരണ സമിതി ക്വാറം തികഞ്ഞതായും ഭരണ സമിതി പറയുന്നു.
നേരത്തേ ഹോസ്ദുര്‍ഗ് ഭവന നിര്‍മ്മാണ സഹകരണ സംഘത്തില്‍ ഭര്‍ത്താവിന് വായ്പ കുടിശ്ശിക ഉണ്ടെന്ന പേരിലാണ് ജാമ്യക്കാരിയായ ശ്രീകലയെ അയോഗ്യയാക്കിയത്. എന്നാല്‍ ഇപ്പോള്‍ കുടിശ്ശിക ഇല്ലാത്തതിനാല്‍ ഡയറക്ടറാക്കുന്നതില്‍ അപാകതയില്ലെന്നും ഭരണ സമിതി പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.