Latest News

ഹ്രസ്വചിത്രം ഇര, സംവിധാനം പഞ്ചായത്ത് അസിസ്‌ററന്റ് സെക്രട്ടറി

ഉദുമ: ഫയലുകള്‍ക്കിടയിലെ യാന്ത്രികത നിറഞ്ഞ ഓഫീസ് ജീവിതത്തിനിടയിലും മനസ്സില്‍ കെടാതെ സൂക്ഷിക്കുന്ന കലാവാസനയുമായി ശ്രദ്ധേയനാകുകയാണ് ഉദുമ ഗ്രാമ പഞ്ചായത്തിലെ അസിസ്‌ററന്റ് സെക്രട്ടറി പി.കെ. പത്മകുമാര്‍.[www.malabarflash.com]

ഇദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത "ഇര" ദി റിയല്‍ വിക്ടിം എന്ന ഹ്രസ്വ ചലച്ചിത്രം യൂട്യൂബില്‍ പതിനായിരക്കണക്കിന് പേര്‍ കണ്ടു കഴിഞ്ഞു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പി.കെ. പത്മകുമാര്‍ മററുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ കലാമികവിലൂടെയാണ്.

ലൈംഗിക അതിക്രമങ്ങള്‍ക്കിരയാവുന്ന പെണ്‍കുട്ടികള്‍ സ്വയം പ്രതിരോധത്തിന് തയ്യാറാകണമെന്ന സന്ദേശമുയര്‍ത്തിയാണ് പത്മകുമാര്‍ ഇര ഹ്രസ്വ ചിത്രം തയ്യാറാക്കിയിട്ടുളളത്.
സംഭാഷണങ്ങളുടെ അകമ്പടിയില്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ഹ്രസ്വ ചത്രം ഇതിനകം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയത്തിന്റെ മികച്ച സംവിധായകനുളള ദേശീയ പുരസ്‌കാരത്തിന് പുറമെ ഭരതന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം, ചിലച്ചിത്ര വണ്ടി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉപഹാരം, അടൂര്‍ഭാസി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, സത്യജിത്ത്‌റായി ഫെസ്റ്റ്, അടൂര്‍ ഫെസ്റ്റ് എന്നീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റുകളിലും പത്മകുമാര്‍ സംവിധാനം ചെയ്ത ഇര സമ്മാനാഹര്‍മായിട്ടുണ്ട്.
കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന ലെന്‍സ് വ്യൂഫെസ്റ്റിലേക്ക് തെരഞ്ഞെടുത്ത 10 ഹ്രസ്വചിത്രങ്ങളില്‍ ഇരയും ഉള്‍പ്പെട്ടിട്ടുണ്ട്.
മദ്യപാനം വഴി തകരുന്ന കുടുംബ ബന്ധങ്ങളെക്കുറിച്ച് പി.കെ. പത്മകുമാര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധ നേടിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.